തിരുവനന്തപുരം: എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്‌ണന്‍ ചുമതല ഒഴിഞ്ഞ തീരുമാനം അംഗീകരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി, തുടര്‍ന്ന് യോഗം ചേര്‍ന്നാണ് പകരം എംവി ഗോവിന്ദനെ തീരുമാനിച്ചത്. ഇതോടെ മന്ത്രിസ്ഥാനത്തു നിന്ന് അദ്ദേഹം രാജിവയ്‌ക്കും.
സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ സൈദ്ധാന്തിക മുഖവുമാണ് എംവി ഗോവിന്ദന്‍. അദ്ദേഹത്തിന് പകരം മന്ത്രിസ്ഥാനത്തേക്ക് ആര് വരുമെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം തീരുമാനിച്ചാലുടന്‍ അറിയിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു.
തീരുമാനം പാര്‍ട്ടിയുടേതാണെന്നും എല്ലാവരെയും പരമാവധി ഒന്നിപ്പിച്ച് കൊണ്ടുപോകുമെന്നും സംഘടനാപരമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്.
പാര്‍ട്ടി തീരുമാനം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചയുടന്‍ എംവി ഗോവിന്ദന്‍ കോടിയേരി ബാലകൃഷ്‌ണനെ സന്ദര്‍ശിച്ചു. പാര്‍ട്ടിയിലെ പുതിയ ചുമതല മാറ്റങ്ങളോടെ മന്ത്രിസഭയിലും മാറ്റങ്ങള്‍ വരുമെന്ന് ഉറപ്പായി. സജി ചെറിയാന്‍ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ തീരുമാനിച്ചിട്ടില്ല.
തദ്ദേശഭരണം, എക്‌സൈസ് എന്നീ വകുപ്പുകളാണ് എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്‌തിരുന്നത്. പകരം മന്ത്രിമാരെ തീരുമാനിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.