തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിലും എതിർക്കുന്നതിലും കോൺഗ്രസിന് ചാഞ്ചാട്ട മനോഭാവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പലപ്പോഴും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇതര നേതാക്കളെ വേട്ടയാടുമ്പോൾ അനുകൂല നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന് എതിരായ നടപടികളെ മാത്രമാണ് എതിർക്കുന്നതെന്നും ഇത് തെറ്റായ ശൈലിയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ അംഗത്വം റദ്ദാക്കിയപ്പോൾ കോൺഗ്രസ് എതിർത്തില്ല. തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ചോദ്യം ചെയ്‌തപ്പോഴും ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്‌തപ്പോഴും കോൺഗ്രസ് മിണ്ടിയില്ല. ഇത്തരത്തിലാണ് ജനാധിപത്യ വിരുദ്ധമായ വിഷയങ്ങളിലെല്ലാം കോൺഗ്രസ് സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ഇടത് സർക്കാരിനെ കേന്ദ്ര ഏജൻസികൾ വേട്ടയാടിയപ്പോൾ അതിനെ വാനോളം പുകഴ്ത്തുകയാണ് കോൺഗ്രസ് ചെയ്‌തത്. എന്നാൽ സിപിഎം നിലപാട് അങ്ങനെയല്ല. ജനാധിപത്യത്തിനെതിരായ നടപടികൾക്കെതിരെ കർശന നിലപാട് തങ്ങള്‍ സ്വീകരിക്കും. പ്രതിപക്ഷ രാഷ്ട്രീയത്തോട് അസഹിഷ്‌ണുതാപരമായ നിലപാടാണ് സംഘപരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
ഇത് എതിർക്കുന്നതിന്‍റെ ഭാഗമായാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടിയിലും സിപിഎം പ്രതിഷേധിച്ചത്. വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ ഇടത് പക്ഷം ഉറപ്പായും മത്സരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ ജാഥ വന്‍ വിജയമായിരുന്നു. സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധികള്‍ക്കിടയിലെ പ്രതിരോധ ജാഥ ഏറെ ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനകീയ പ്രതിരോധ ജാഥയുടെ അവലോകനത്തിനായി കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതി യോഗം ചേര്‍ന്നിരുന്നു.
മനീഷ് സിസോദിയയ്‌ക്കും കെ കവിതയ്‌ക്കും എതിരെയുള്ള മദ്യനയക്കേസ് : 2021-22 കാലയളവില്‍ ഡല്‍ഹിയില്‍ നിലവിലെ മദ്യ വില്‍പ്പനയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്‌തിരുന്നു. സ്വകാര്യ മേഖലയ്‌ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കൊണ്ടായിരുന്നു പരിഷ്‌കരണം. നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ ഈരംഗത്ത് വന്‍ അഴിമതി നടന്നുവെന്ന് സിബിഐ ആരോപിക്കുന്നു.
മദ്യവില്‍പ്പന നടത്തുന്നതിനുള്ള ലൈസന്‍സ് സ്വന്തമാക്കുന്നതില്‍ അടക്കം അഴിമതി നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കും ഭാരത് രാഷ്‌ട്ര സമിതി നേതാവും എംഎല്‍സിയുമായ കെ കവിതയ്‌ക്കും അഴിമതിയില്‍ പങ്കുണ്ടെന്നാണ് ആരോപണം. കവിത മദ്യ കുംഭകോണ കേസിലെ ഒരു ഗുണഭോക്താവാണ് എന്നും ആരോപണം ഉയരുന്നുണ്ട്.
കേസില്‍ ഇരുവര്‍ക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധന പുരോഗമിക്കുമ്പോള്‍ ഇരുവരും നിരപരാധികളാണെന്നും രാഷ്‌ട്രീയ പോരാണ് കേസിന് പിന്നിലെന്നും വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഇരുവര്‍ക്കും എതിരെ കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയം നടപ്പിലാക്കുകയാണെന്നാണ് ആരോപണം. എന്നാല്‍ മനീഷ് സിസോദിയയ്‌ക്കും കെ കവിതയ്‌ക്കും വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധിച്ചില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ വാദം.