തിരുവനന്തപുരം : മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നാണ് എം വി ഗോവിന്ദന്‍റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സുധാകരനെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിൽ വായിച്ചറിഞ്ഞ വിവരവുമാണ് താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരൻ വേറെ എന്തെല്ലാം വിശദീകരണം നൽകിയിട്ടും ഇനി എന്താണ് കാര്യം. ഗൗരവതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ പുരാവസ്‌തു തട്ടിപ്പ് കേസിൽ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവും 5,25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. എറണാകുളം പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിനാസ്‌പദമായ സംഭവം നടക്കുന്നത് 2011 ലാണ്.
പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത് തുടര്‍ വിദ്യാഭ്യാസത്തിന് സഹായം വാഗ്‌ദാനം ചെയ്‌താണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ്. പെൺകുട്ടിയെ ഒന്നിലധികം തവണ പീഡനത്തിനിരയാക്കിയതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354, 376 [3] വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനെന്ന് ചൂണ്ടിക്കാട്ടി ജഡ്‌ജി കെ സോമനാണ് വിധി പ്രസ്‌താവിച്ചത്.
അതേസമയം എല്ലാ അർഥത്തിലും കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇത്രയും കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്തെവിടെയുമില്ല. സർക്കാരിനെയും എസ്‌എഫ്ഐയെയും വിമർശിച്ചാൽ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. കുറ്റവാളികളെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണം എന്നാണ് പറഞ്ഞത്. മാധ്യമങ്ങൾ ഇവന്‍റ് മാനേജ്മെന്‍റിന്‍റെ ഭാഗമായി പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ളപ്രചാരണം നടത്തുകയാണ്. എലത്തൂർ കേസിൽ പൊലീസിനെതിരായ എംവി ശ്രേയാംസ് കുമാറിന്‍റെ വിമർശനം പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിക്കുള്ളിൽ പരസ്‌പരം ചെളിവാരി എറിയുന്ന സാഹചര്യമാണ്. ഇതൊക്കെ മൂടിവയ്ക്കാനാണ് ഇടതുപക്ഷത്തിനെതിരെയും എസ്‌എഫ്ഐക്കെതിരെയും ഓരോ ദിവസവും വിവിധ തരത്തിലുള്ള വാർത്തകൾ ഉന്നയിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർഎസ്എസും ബിജെപിയും ഒരു പ്രത്യേക ഇവൻ്റ് മാനേജ്‌മെന്‍റ് സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം എംവി ഗോവിന്ദൻ ഉന്നയിച്ച ആരോപണം കെ സുധാകരൻ തള്ളി. അതിജീവിതയുടെ രഹസ്യമൊഴി എംവി ഗോവിന്ദന് എങ്ങനെ കിട്ടിയെന്ന് സുധാകരൻ ചോദിച്ചു. ഗോവിൻ്റെ ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി.
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി : മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെ സുധാകരന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ജൂൺ 21 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അത് ചോദ്യം ചെയ്യലിന് ശേഷം സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നാണ് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മറുപടി നൽകിയത്. തുടർന്ന് കോടതി അടുത്ത ബുധനാഴ്‌ച വരെ അറസ്റ്റ് തടയുകയായിരുന്നു.