തിരുവനന്തപുരം: നഗരസഭയിലെ താത്കാലിക നിയമനത്തിന് പാർട്ടി പ്രവർത്തകരുടെ പേര് നൽകാനാവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കത്ത് നൽകിയെന്ന ആരോപണത്തില്‍ അന്വേഷണം കൃത്യമായി നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടുപിടിക്കാനാണ് അന്വേഷണം നടക്കുന്നത്. അഞ്ചുദിവസംകൊണ്ട് അന്വേഷണം പൂർത്തിയാക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കത്ത് വിവാദത്തിൽ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കണോ എന്നത് സർക്കാർ ആലോചിക്കും. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കുന്നതിനുള്ള ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് സർക്കാരാണ്. നല്ല ആലോചനയോടെയാണ് സർക്കാർ ഓർഡിനൻസ് തയാറാക്കിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം വര്‍ഷാരംഭത്തില്‍ ചേരുന്ന നിയമസഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്നതാണ് കീഴ്‌വഴക്കമെന്നിരിക്കെ, നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ സർക്കാർ നീക്കം നടത്തുകയാണ്. ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് സർക്കാർ ആലോചിക്കുന്നത്. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും. സഭാ സമ്മേളനം ഡിസംബറില്‍ താത്കാലികമായി പിരിഞ്ഞ് ജനുവരിയില്‍ പുനരാരംഭിക്കാനാണ് പരിഗണന.