തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായ ഗവർണറുടെ നടപടികളെ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഭരണഘടനപരമായും നിയമപരമായും ഇതിൽ എന്തെല്ലാം വഴിയുണ്ടോ അതെല്ലാം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരോടുള്ള ഗവർണറുടെ പ്രീതിയെന്നത് വ്യക്തിപരമല്ല.
പ്രീതിയെന്നത് ഭരണഘടന പരമാണ്. മന്ത്രിമാരിൽ മുഖ്യമന്ത്രിക്ക് വിശ്വാസം ഉണ്ടായിരുന്നാൽ മതി. ധനമന്ത്രിയുടെ പ്രസംഗത്തിൽ ഗവർണറെ അവഹേളിക്കുന്ന ഒന്നുമില്ല. ആർഎസ്എസ്, ബിജെപി അജണ്ട കേരളത്തിൽ നടപ്പാക്കാനാണ് ഗവർണറുടെ ശ്രമം.
അതിനായി അസാധാരണ നടപടികളാണ് സ്വീകരിക്കുന്നത്. വിസിമാരുടെ വിഷയത്തിലടക്കം ഗവർണറുടെ ഉള്ളിൽ എന്തെന്ന് കേരളം കണ്ടതാണ്. മാധ്യമങ്ങളോട് പോലും ഗവർണർ ജനാധിപത്യ മര്യാദ കാണിച്ചില്ല. ഭരണഘടന തലവന്‍റെ ഭാഗത്തുനിന്ന് വേണ്ട ഉത്തരവാദിത്തമില്ല.
ബില്ലുകളും ഓർഡിനൻസുകളും ഒപ്പ് വയ്ക്കുന്നില്ല. ഭരണഘടന പരമായ അവകാശം നിയമസഭയ്ക്കും മന്ത്രിസഭയ്ക്കുമുണ്ട്. ഭരണഘടനാപരമായും നിയമപരമായും ഗവർണർ പ്രവർത്തിക്കണം. സർക്കാരുമായി ഗവർണർ ഏറ്റുമുട്ടുകയല്ല. ഏകപക്ഷീയമായി ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്. ഇത് അനുവദിക്കാൻ കഴിയില്ല. ഗവർണർ തന്നെ സർവകലാശാലകളുടെ ചാൻസലർ ആകണമെന്ന് യുജിസി പറഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളും പരിശോധിക്കും. സർക്കാർ ഗവർണർ ഒത്തുകളി എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് ഗൗരവമായി പരിശോധിക്കണം. നിസാരവത്കരണം ഒരടവാണ്. ഗവർണർ കോൺഗ്രസ് ഒത്തുകളിയുടെ ഭാഗമാണിതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.