തിരുവനന്തപുരം : മുട്ടത്തറ സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിനെതിരെ നടപടിയെടുത്തത്. ബാങ്കില്‍ സഹകരണ രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഭൂപണയ വായ്‌പ, സ്വര്‍ണ്ണപണയ വായ്‌പ, നിക്ഷേപത്തിന്‍മേലുള്ള വായ്‌പ എന്നിവയടയ്‌ക്കമുള്ള ഇടപാടുകളിലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.
2022 ഫെബ്രുവരിയിലാണ് മുട്ടത്തറ ബാങ്കിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിക്കപ്പെട്ടത്. തുടർന്ന് 2022 മേയിൽ ജോയിന്‍റ് റജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ബാങ്കിനെതിരെ ആരോപണമുയർന്ന ഘട്ടത്തില്‍ നടന്ന പ്രാഥമികമായ അന്വേഷണത്തിനു ശേഷം സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് 14 കോടിയോളം രൂപയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നതായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സഹകരണ ബാങ്ക് പിരിച്ചുവിടാന്‍ മന്ത്രി ഉത്തരവിട്ടത്.
അന്വേഷണ റിപ്പോർട്ട് വന്നതിന് പിന്നാലെ കേരള സർക്കിൾ സഹകരണ യൂണിയനും കേരള ബാങ്കും ബാങ്ക് ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ തടസമില്ലെന്നു രേഖാമൂലം അറിയിച്ചു. ഇതോടെയാണ് സഹകരണ നിയമം വകുപ്പ് 32 പ്രകരമാണ് ഭരണസമിതിയെ പിരിച്ചുവിടുന്ന നടപടിയിലേക്ക് നീങ്ങിയത്. ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തി പുതിയ ഭരണസമിതി രൂപീകരിക്കണം. സഹകരണ സംഘം അസി. റജിസ്ട്രാർ ഓഫിസിലെ ഇൻസ്പെക്‌ടർ എം. അഭിലാഷിനെ പുതിയ ഭരണസമിതി വരുന്നത് വരെ ബാങ്ക് അഡ്‌മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്‌തു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം സുന്ദര്‍ പ്രസിഡന്‍റും നഗരസഭ കൗണ്‍സിലര്‍ സലിമും ഉള്‍പ്പെടുന്ന ഭരണസമിതിയാണ് മുട്ടത്തറ സഹകരണ ബാങ്ക് ഭരണം നിയന്ത്രിച്ചിരുന്നത്. മുന്‍പ് തൃശൂര്‍ കരുവന്നൂര്‍ ബാങ്കിലുള്‍പ്പടെ നടന്ന തട്ടിപ്പിന് സമാനമായ ക്രമക്കേടാണ് മുട്ടത്തറ സഹകരണ ബാങ്കിലും കണ്ടെത്തിയത്. എന്നാല്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും നിക്ഷേപകര്‍ക്കെല്ലാം പണം തിരികെ നല്‍കുമെന്നായിരുന്നു ഭരണസമിതിയുടെ വാദം. ഇത് തള്ളിക്കൊണ്ടാണ് മുട്ടത്തറ സഹകരണ ബാങ്കിനെതിരെ സര്‍ക്കാര്‍ നടപടി.
2021 ലായിരുന്നു കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് പുറത്ത് വന്നത്. ഒരേ ആധാരത്തില്‍ രണ്ടിലധികം വായ്‌പകള്‍ 24 പേര്‍ക്ക് അനുവദിച്ചതായി കണ്ടെത്തുകയും ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് പ്രതികള്‍ മൂന്ന് കോടി രൂപ തരപ്പെടുത്തുകയുമായിരുന്നു. പിന്നീട് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ 25 പ്രതികളില്‍ നിന്ന് 125.84 കോടി ഈടാക്കാന്‍ ജില്ലാ കലക്‌ടർ നടപടി എടുത്തിരുന്നു. 20 മുന്‍ ഡയറക്‌ടര്‍മാരില്‍ നിന്നും മുന്‍ സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്‍റ് എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പേരില്‍ നിന്നായാണ് തുക ഈടാക്കാന്‍ തീരുമാനിച്ചത്.
അതിനിടെ കോണ്‍ഗ്രസ് ഭരണത്തിന് കീഴിലുള്ള പുല്‍പ്പളളി സര്‍വീസ് സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം തുടങ്ങി. പുല്‍പ്പള്ളി ബാങ്കിലും കോണ്‍ഗ്രസ് നേതാവ് കെ.കെ എബ്രഹാമിന്‍റെ വീട്ടിലുമടക്കം അഞ്ച് ഇടങ്ങിളിലായാണ് കഴിഞ്ഞ ദിവസം ഇഡിയുടെ റെയ്‌ഡ് നടന്നത്. പുല്‍പ്പള്ളി ബാങ്ക് വായ്‌പ തട്ടിപ്പിനിരയായ രാജേന്ദ്രന്‍ നായരുടെ ആത്മഹത്യക്ക് പിന്നാലെയാണ് കേസ് കേന്ദ്ര അന്വേഷണ ഏജന്‍സി ഏറ്റടുത്തത്.
ALSO READ : PULPALLY CO OPERATIVE BANK FRAUD: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; ബാങ്കിലും പ്രതികളുടെ വീടുകളിലും ഇഡി റെയ്‌ഡ്
രാജേന്ദ്രന്‍ നായരുടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മരിച്ചയാളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദികളെക്കുറിച്ച് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. കെകെ എബ്രഹാം, സുജാത ദിലീപ്, രമാദേവി, സജീവന്‍ കൊല്ലപ്പള്ളി, എന്നിവരുടെ പേരുകളാണ് കുറിപ്പിലുള്ളതായാണ് വിവരം.