തിരുവനന്തപുരം : മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരം സംഭവമായ മുതലപ്പൊഴിയിലെ (Muthalapozhy) പാറ നീക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പുനരാരംഭിക്കും. ലോങ് ബൂം ക്രെയിന്‍ (Long Boom Crane) ഉപയോഗിച്ചാകും പൊഴിയിലെ അപകടകരമായ കല്ലുകള്‍ നീക്കുക (Rock Removal with Long Boom Crane will Resume at Muthalapozhi). ലോങ് ബൂം ക്രെയിന്‍ എത്താത്തതിനാല്‍ കഴിഞ്ഞ മൂന്നാഴ്‌ചയായി മുതലപ്പൊഴിയിലെ പാറ നീക്കല്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ (Thoothukudi) നിന്നാണ് ലോങ് ബൂം ക്രെയിന്‍ വരുത്തിയത്. 40 മീറ്റര്‍ നീളമാണ് മുതലപ്പൊഴിയിലെത്തിച്ച ലോങ് ബൂം ക്രെയിനിനുള്ളത്. അഞ്ച് ട്രെയിലറുകളിലായാണ് ക്രെയിനിന്‍റെ വിവിധ ഭാഗങ്ങള്‍ ഇവിടെ എത്തിച്ചത്. ക്രെയിനിന്‍റെ പ്രധാന ഭാഗം, വീലുകള്‍, പാറ മാറ്റാന്‍ ഉപയോഗിക്കുന്ന ബും എന്നീ ഭാഗങ്ങള്‍ വെവ്വേറെ എത്തിച്ച ശേഷം മുതലപ്പൊഴിയില്‍ വച്ച് സംയോജിപിക്കുകയായിരുന്നു. ഇന്നലെയാണ് ക്രെയിന്‍ പൂര്‍ണമായി സംയോജിപ്പിച്ചത്.
Also Read: മുതലപ്പൊഴിയിൽ പതിവാകുന്ന അപകടങ്ങൾ : പരിഹാരം കാണാന്‍ മന്ത്രിതല ചർച്ച
ഇതുവരെ മുതലപ്പൊഴിയില്‍ നിന്ന് 400 ഓളം കല്ലുകള്‍ മാറ്റിയതായാണ് അദാനി പോര്‍ട്ട് (Adani Port) അധികൃതര്‍ അറിയിക്കുന്നത്. നേരത്തെ മിഡ് റേഞ്ച് ലോങ് ബും ക്രെയിനുകള്‍ ഉപയോഗിച്ചായിരുന്നു കല്ലുകള്‍ മാറ്റിയിരുന്നത്. എന്നാല്‍ ഇതുപയോഗിച്ച് പൊഴിയുടെ മധ്യ ഭാഗത്തുള്ള കല്ലുകള്‍ നീക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോങ് ബും ക്രെയിന്‍ എത്തിയതോടെ ഇന്നു വൈകിട്ടോടെ തന്നെ കല്ലുകള്‍ നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കല്ലുകള്‍ പൂര്‍ണമായും നീക്കിയതിന് ശേഷമാകും ഡ്രഡ്‌ജര്‍ എത്തിക്കുക. ഡ്രഡ്‌ജര്‍ എത്തിച്ച ശേഷം പൊഴിയില്‍ നിന്നും മണലും നീക്കം ചെയ്യും.
അതേസമയം നിലവില്‍ വേലിയേറ്റ സമയമായതു കൊണ്ട് മുതലപ്പൊഴിയില്‍ വലിയ തിരമാലകള്‍ രൂപപ്പെടുന്നുണ്ട്. അതുകൊണ്ട് കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ലോങ് ബൂം ക്രെയിന്‍ ഉപയോഗിച്ച് കല്ലുകള്‍ നീക്കം ചെയ്യൂ എന്നാണ് അദാനി പോര്‍ട്ട് അധികൃതര്‍ അറിയിക്കുന്നത്.
കല്ലുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ (Saji Cherian) കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പുമായി ചര്‍ച്ച ചെയ്‌തിരുന്നു. പൊഴിയുടെ മധ്യഭാഗത്തുള്ള കല്ലുകള്‍ കൂടി നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കണമെന്ന് മന്ത്രി ചര്‍ച്ചയില്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ തുടർച്ചയായി അപകടങ്ങളുണ്ടായതോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാണ് സജി ചെറിയാൻ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടത്.