തിരുവനന്തപുരം : വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി മത സംഘടനകൾ. പ്രത്യേക റിക്രൂട്ട്മെന്‍റ് ബോർഡിൻ്റെ ആവശ്യമില്ലെന്നും, മത സംഘടന പ്രതിനിധികളും വഖഫ് ബോർഡും ചേർന്ന നിയമന അതോറിറ്റി വേണമെന്നും മുഖ്യമന്ത്രി തലസ്ഥാനത്ത് വിളിച്ചുചേർത്ത യോഗത്തിൽ ഏകകണ്ഠേന ആവശ്യമുയർന്നു.
മറ്റ് സംസ്ഥാനങ്ങളും ഇതേ നിലപാട് സ്വീകരിക്കുമെന്നും സമസ്‌ത നേതാവ് അബ്‌ദുൽ സമദ് പൂക്കോട്ടൂർ പറഞ്ഞു. വിഷയം അനുഭാവപൂർവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
READ MORE: വഖഫ് നിയമനം; മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
അതേസമയം നിയമനം എങ്ങനെ നടന്നാലും സുതാര്യത വേണമെന്ന് കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം വഖഫ് സ്വത്തുക്കളും സുന്നികളുടേതാണ്. ഇതുവരെ ബോർഡിൽ ഉണ്ടായിരുന്നത് പക്ഷപാതിത്വമാണ്. അതിൽ മാറ്റം വരണം.
കഴിവുള്ള ഉദ്യോഗസ്ഥർ വരാൻ എന്ത് സംവിധാനമാണോ അത് കൊണ്ടുവരാം. മുസ്ലിങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 11 സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്.