തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രശംസിച്ചുള്ള എ.പി അബ്ദുള്ളക്കുട്ടിയുടെ നടപടി സംഘടനാപരമായി തെറ്റാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മോദിയുടെ കാര്യത്തിൽ ഒരു നീക്കുപോക്കിനും കോൺഗ്രസ് തയ്യാറല്ല. അബ്ദുള്ളക്കുട്ടിക്കെതിരായുള്ള നടപടി പാർട്ടി ചർച്ച ചെയ്യുമെന്നും മുരളീധരൻ പ്രസ് ക്ലബിന്‍റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കവെ മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ കഴിഞ്ഞു. ശബരിമല വിഷയത്തിൽ ഭൂരിപക്ഷവും കോൺഗ്രസിനെ വിശ്വാസത്തിലെടുത്തു. ഇതാണ് തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധാർഷ്ട്യം ഇടത് വോട്ടുകളിൽ വിള്ളലുണ്ടാക്കുകയാണ്. ആലത്തൂരിലും വടകരയിലും ഇത് പ്രകടമാണ്. ബംഗാളിലേയും ത്രിപുരയിലേയും പോലെ സിപിഎമ്മിനെ തകർക്കാനുള്ള പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. ജനാധിപത്യ കക്ഷി എന്ന നിലയിൽ കോൺഗ്രസ് അത് ആഗ്രഹിക്കുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
കോൺഗ്രസിൽ പുനഃസംഘടന ഉടൻ ഉണ്ടാകും. വട്ടിയൂർക്കാവ് അടക്കം ഒഴിവ് വരുന്ന നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയിക്കാനാകുമെന്നും മുരളീധരൻ പറഞ്ഞു.