തിരുവനന്തപുരം: ബിജെപി-സിപിഎം വോട്ടുകച്ചവടം നടന്നുവെന്ന തന്‍റെ ആരോപണത്തിന് കോൺഗ്രസിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി വോട്ട് കച്ചവടം നടന്നുവെന്ന് ആദ്യം പറഞ്ഞത് താനാണ്. എന്നാൽ കോൺഗ്രസിനുള്ളിൽ പോലും ഇതിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നത് തന്നെ വിഷമിപ്പിച്ചു. ഫലം വന്നപ്പോൾ എല്ലാവർക്കും ഇക്കാര്യം ബോധ്യമായി. നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് തുടർന്നു.
നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുണ്ടാക്കിയ അവിശുദ്ധ ബന്ധത്തിൻ്റെ ജാരസന്തതിയാണ് രണ്ടാം പിണറായി സർക്കാർ. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി എന്നും ജീവൻ കൊടുത്ത പ്രസ്ഥാനമാണ് കോൺഗ്രസ്. ന്യൂനപക്ഷത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി വോട്ട് ബാങ്കായി ആണ് കാണുന്നത്. ഇത്തരക്കാരെ മുന്നിൽ കണ്ടാണോ വോട്ട് ചെയുന്നത് എന്ന് ന്യൂനപക്ഷം ഓർക്കണം. കോൺഗ്രസ് കൊടുങ്കാറ്റായി തിരിച്ച് വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.