തിരുവനന്തപുരം : വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കി സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിലേക്ക് ഹൈക്കമാന്‍ഡ് കടന്നതോടെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനമൊഴിയാന്‍ സന്നദ്ധതയറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്നെ ഒഴിയാന്‍ അനുവദിക്കണമെന്ന് കാണിച്ച് മുല്ലപ്പള്ളി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ഇതോടെ കെ.പി.സി.സി തലപ്പത്തും അഴിച്ചുപണിക്ക് കളമൊരുങ്ങി.
കൂടുതൽവായനയ്ക്ക്:വി.ഡി സതീശൻ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ്
രണ്ട് ദിവസം മുന്‍പാണ് മുല്ലപ്പള്ളി കത്തയച്ചതെന്നാണ് സൂചന.പാര്‍ട്ടിയില്‍ ഗുണപരമായ മാറ്റത്തിന് താന്‍ തടസം നില്‍ക്കില്ലന്നും എത്രയും വേഗം പദവി ഒഴിയാന്‍ അനുവദിക്കണമെന്നുമാണ് കത്തിലെ പരാമര്‍ശം. പരാജയം പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കേണ്ടതില്ല. ആ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തന്നെ ഒഴിവാക്കുന്നത് പാര്‍ട്ടിയില്‍ വിഴുപ്പലക്കലിന് കാരണമാകും. ഒരു സുപ്രഭാതത്തില്‍ രാജിവച്ചൊഴിഞ്ഞ് ഹൈക്കമാന്‍ഡിനെ വിഷമവൃത്തത്തിലാക്കിയ സുധീരന്‍റെ ശൈലിക്ക് താനില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കൂടുതൽവായനയ്ക്ക്:വി.ഡി.സതീശനെ അഭിനന്ദിച്ച് മുതിർന്ന നേതാക്കൾ