തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിലവിലെ അന്വേഷണം പ്രഹസനമാണ്. തീപിടിത്തം ഒത്തുകളിയാണെന്ന് ചീഫ് സെക്രട്ടറിയുടെ ഇടപെടൽ കണ്ടപ്പോൾ വ്യക്തമായിട്ടുണ്ട്. വിശ്വാസ് മേത്ത കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയാണോ മുഖ്യമന്ത്രിയുടെ സേവകനാണോ എന്നും അദ്ദേഹം ചോദിച്ചു.
അധികം വൈകാതെ മറ്റൊരു ശിവശങ്കറായി വിശ്വാസ് മേത്ത മാറുമെന്നതിൽ സംശയമില്ല. എന്തുകൊണ്ട് സുപ്രധാനമായ രേഖകൾ സെക്രട്ടേറിയറ്റിൽ നിന്ന് ശേഖരിക്കുന്നതിൽ കാലതാമസം വരുത്തിയെന്ന് എൻ.ഐ.എ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. തീപിടിത്തത്തിന് പിന്നിൽ ബി.ജെ.പി-യു.ഡി.എഫ് ഗൂഢാലോചനയെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന വാസ്തവിരുദ്ധമാണ്. കോടിയേരി ഗീബൽസിനെ അനുകരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.