തിരുവനന്തപുരം : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കു മറുപടിയുമായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ നിലപാട് ആദ്യം വ്യക്തമാക്കേണ്ടതുണ്ട്. പാർട്ടി സെക്രട്ടറിയുടെ നിലപാടുമായി യോജിക്കാൻ മുഖ്യമന്ത്രിക്കു സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഞ്ച് ഇടതു മുന്നണി സ്ഥാനാർഥികള്‍ക്കും ശബരിമല വിഷയത്തിൽ അഞ്ച് അഭിപ്രായമാണ്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയ ശേഷം മുഖ്യമന്ത്രി ഹിന്ദു വോട്ട് തേടുന്നതാണ് നല്ലത്. ഹിന്ദുമത വിശ്വാസത്തെ എല്ലാ കാലത്തും ചവിട്ടിമെതിച്ച മുഖ്യമന്ത്രിക്ക് ഹിന്ദു വോട്ടുകളൊന്നും ലഭിക്കില്ലെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
കൂടത്തായി കേസ് ഇപ്പോൾ പർവ്വതീകരിക്കുന്നതിനു പിന്നിൽ മുഖ്യമന്ത്രിക്ക് ഗൂഢലക്ഷ്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ചയാക്കാതിരിക്കാനുള്ള അടവാണിത്. ഇതിന്റെ യഥാർത്ഥ വസ്തുതകൾ തെളിയിക്കാനാകുമോ എന്ന് സംശയമുണ്ടെന്ന് ഒരു പൊലീസ് മേധാവിക്ക് എങ്ങനെ പറയാനാകും. എന്തുവന്നാലും ഈ കേസിന്റെ സത്യം പുറത്തു വരണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.