തിരുവനന്തപുരം: സുപ്രീം കോടതിയിൽ ലാവ്‌ലിൻ കേസ് സംബന്ധിച്ച് കൂടുതൽ രേഖകൾ നൽകാൻ സാവകാശം ആവശ്യപ്പെട്ട സിബിഐയുടെ നടപടി ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസിൽ സിബിഐ തുടർച്ചയായി മോദി സർക്കാരിന്‍റെ സമ്മതത്തോടെ ഒത്തുകളി നടത്തുകയാണ്. 2018 ന് ശേഷം സുപ്രീം കോടതിയുടെ പരിഗണനയിൽ വന്ന ലാവ്‌ലിൻ കേസ് ഇതുവരെ 21 തവണയാണ് മാറ്റിവെച്ചത്.
മുഖ്യമന്ത്രി ഉൾപ്പെട്ട ഒരു കേസ് ഇത്രയും തവണ മാറ്റിവെക്കുന്നത് സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമാണ്. കേസ് പരിഗണിച്ചപ്പോൾ അടിയന്തര പ്രാധാന്യത്തോടെ വാദം കേൾക്കണമെന്ന നിലപാടെടുത്ത സിബിഐ ഇപ്പോൾ നാടകീയമായി ചുവടുമാറ്റം നടത്തിയതിന് പിന്നിൽ സിപിഎം-ബിജെപി ധാരണയുണ്ട്. ഇവർ തമ്മിലുള്ള അന്തർധാര സജീവമാണെന്നും സിബിഐയുടെ സംശയാസ്‌പദമായ പിന്മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സംശയിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.
ഏത് ദുഷ്‌ട ശക്തിയുമായി ചേർന്നും കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഇത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ്യതയ്ക്ക് പേരുകേട്ട സിബിഐയെ രാഷ്‌ട്രീയ ലക്ഷ്യം വച്ചുകൊണ്ട് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.