തിരുവനന്തപുരം: പ്രതിമാസം രണ്ടു കോടി രൂപ ചെലവ് വരുന്ന ഹെലികോപ്റ്റര്‍ വാങ്ങിയത് സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും വേണ്ടിയാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഏറ്റവുമധികം സുരക്ഷ സംവിധാനങ്ങളുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൊട്ടടുത്തുള്ള പിണറായിയിലെ വീട്ടിലേക്ക് മുഖ്യമന്ത്രി പോകുന്നത് 20 വാഹനങ്ങളുടെ അകമ്പടിയോടെയാണ്. ആംബുലന്‍സ്, ബോംബ് പരിശോധനാ സ്‌ക്വാഡ് തുടങ്ങിയവയുമുണ്ട്. മലബാര്‍ മേഖലയിലെ ഏറ്റവും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ തലശേരി റെയില്‍വെ സ്റ്റേഷനില്‍ കാത്തുകെട്ടിക്കിടന്നാണ് മുഖ്യമന്ത്രിയെ വീട്ടില്‍ എത്തിക്കുന്നതെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ദുരന്തനിവാരണ ആവശ്യത്തിന് നേവിയില്‍ നിന്നും സ്വകാര്യമേഖലയില്‍ നിന്നുമുള്ള ഹെലികോപ്റ്ററുകളാണ് കേരളം ഇന്നുവരെ ഉപയോഗിച്ചിട്ടുള്ളത്. അത് എപ്പോഴും ലഭ്യമാണെന്നും എന്നോ വരാന്‍ പോകുന്ന ഒരു ദുരന്തത്തിനുവേണ്ടി ഇപ്പോള്‍ തന്നെ ഹെലികോപ്റ്റര്‍ വാങ്ങിയ വകയില്‍ പ്രതിദിനം ആറര ലക്ഷം രൂപയാണ് ചെലവാക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.