തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ പേരിൽ സാമുദായിക ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാപ്പ് പറയണമെന്ന് ബിജെപി നേതാവ് എംടി രമേശ്. സിനിമയുടെ റിലീസിന് മുൻപാണ് നിരോധിക്കാൻ ഇവർ ആവശ്യപ്പെട്ടത്. ഏത് അജണ്ടയുടെ പേരിലാണ് ഇവർ ഇത് ചെയ്‌തതെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരത്തിലുള്ള ഒരു കള്ളം പ്രചരിപ്പിച്ച് അനാവശ്യമായ വിവാദമാണ് ഇവർ ഉണ്ടാക്കുന്നത്. തീവ്രവാദ പ്രവർത്തനത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട വനിതകളുടെ കഥയാണ് ഈ സിനിമ പറയുന്നത്. ഇതിന്‍റെ സത്യാവസ്ഥയാണ് സിനിമയിൽ പറയുന്നത്. ഇതെങ്ങനെയാണ് ഒരു മതവിഭാഗത്തിന്‍റെ പ്രശ്‌നമായി മാറുന്നത്. ഐഎസ്‌ഐഎസിനെ വിമർശിക്കുന്നതുകൊണ്ട്. സിപിഎമ്മിനും കോൺഗ്രസിനും ലീഗിനും എന്താണ് പ്രശ്‌നം. ഐഎസ്‌ഐഎസിനെ ഇവർ ഇസ്‌ലാമായാണ് കാണുന്നതെങ്കിൽ അത് ഇവർ വ്യക്തമാക്കണം.
'പ്രസ്‌താവനയിറക്കുന്ന തരത്തിൽ തെറ്റിദ്ധരിപ്പിച്ചതാര് ?': പുരോഗമനപരമായ കേരളം ഈ സിനിമ സ്വീകരിക്കേണ്ടതാണ്. എന്നാൽ സമുദായിക പ്രശ്‌നമുണ്ടാക്കുന്നുവെന്ന് അപവാദ പ്രചാരണം നടത്തുകയാണ് ഇവർ ചെയ്‌തത്. ഈ സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക നായകന്മാർ എല്ലാം പ്രസ്‌താവന ഇറക്കിയിരുന്നു. പ്രസ്‌താവന ഇറക്കാനുള്ള തരത്തിൽ ഇവരെ ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് വ്യക്തമാക്കണം. ഇന്ത്യയിൽ എവിടെയെങ്കിലും പൊലീസ് കാവലിൽ സിനിമയിറങ്ങുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ. ആരാണ് ഇതിനുത്തരവാദി?. സിനിമ കാണാൻ വരുന്നവർ പൊലീസ് പരിശോധനയ്ക്ക് ശേഷം അകത്തുകയറ്റുന്ന സാഹചര്യമുണ്ടായി.
ALSO READ | 'കേരള സ്‌റ്റോറി'ക്ക് മധ്യപ്രദേശില്‍ നികുതി ഇളവ്; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍
അന്താരാഷ്ട്ര ഭീകര സംഘടന ബന്ധമുള്ളവരാണ് ഈ സിനിമയെ തടയാൻ ശ്രമിച്ചത്. പല സിനിമാശാല ഉടമകളെയും ഈ സിനിമ പ്രദർശനത്തിൽ നിന്നും പിന്മാറാൻ ഭീഷണിപ്പെടുത്തി. ഈ സാഹചര്യത്തെക്കുറിച്ച് പ്രബുദ്ധ കേരളം തിരിച്ചറിയണം. തീവ്രവാദ സംഘടനകളുടെ ഭീഷണിക്ക് സിനിമശാലകൾ നിലപാട് എടുക്കാൻ പാടില്ല. ഇതൊരു സാങ്കല്‍പിക കഥയാണ് എന്ന് പറഞ്ഞാണ് സിനിമ ആരംഭിക്കുന്നത്. ഹൈക്കോടതി പോലും ട്രെയിലർ കണ്ടിട്ട് അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സഹായിക്കുന്ന ഭീകരവാദികളെ സംരക്ഷിക്കുന്ന നിലപാടാണ്. പല മാളുകളും സിനിമയുടെ പ്രദർശനം ഒഴിവാക്കി. പല ഉന്നതങ്ങളിൽ നിന്നുമുള്ള സമ്മർദം കാരണമാണിത്. വ്യവസായികൾ ആയതിനാൽ നിലനില്‍പ്പിനായി അവർ ചെയ്‌തതാകാം. ഇത് സിനിമയെ പരസ്യമായി എതിർക്കുകയും പൊലീസിനെ വരെ തിയേറ്ററുകളിൽ വിന്യസിക്കുകയും ചെയ്‌തപ്പോൾ സിനിമ സംഘടനകൾ എവിടെപ്പോയി. കേരളത്തിന് ഗുണകരമല്ലെന്നു കണ്ട് തിരുത്താൻ തയ്യാറാകണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഈ നിലപാട് എന്തിനാണ് എടുക്കുന്നതെന്ന് വ്യക്തമാക്കണമെന്നും എംടി രമേശ് പറഞ്ഞു.
ALSO READ | ദി കേരള സ്റ്റോറി പ്രത്യേക ഷോ തിരുവനന്തപുരത്ത്; സിനിമ കാണാനെത്തി നടി മേനകയും നിർമാതാവ് ജി സുരേഷ് കുമാറും