തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങൾ തടയുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേകർ എം പി. സംസ്ഥാന സർക്കാർ ഇതിന് മറുപടി പറയണം. സിപിഎമ്മിന് പിഎഫ്ഐയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പിഎഫ്ഐ ഹർത്താലിൽ സംസ്ഥാനത്തുടനീളം വലിയ അക്രമമുണ്ടായി. ആർഎസ്എസ് ഓഫിസിനു നേരെയും ആക്രമണമുണ്ടായി. ഇത് വരെ കാണാത്ത രീതിയിലുള്ള അക്രമമാണ് നടന്നത്.
കേരളത്തിൽ മാത്രമാണ് ഇത്ര വലിയ അക്രമമുണ്ടായത്. അക്രമത്തിനു സിപിഎമ്മും ഉത്തരവാദിയാണ്. ഐ എസ് അടക്കമുള്ള ഭീകര സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ റിക്രൂർട്ട്മെന്‍റ് നടക്കുന്നതെന്ന് പ്രകാശ് ജാവദേകർ പറഞ്ഞു.
പിഎഫ്ഐക്ക് ലഭിക്കുന്നത് നിശബ്‌ദ പിന്തുണ: ഇത് കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ പരാജയമാണ്. പ്രധാനമന്ത്രിയുടെ റാലിയിൽ അക്രമം നടത്താൻ പിഎഫ്ഐ ലക്ഷ്യമിട്ടിരുന്നു. പിഎഫ്ഐക്ക് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിശബ്‌ദ പിന്തുണ ലഭിക്കുന്നുണ്ട്.
എന്നാൽ ഭീകരവാദത്തിനെതിരെ മോദി സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. സിപിഎമ്മും കോൺഗ്രസും നിശബ്‌ദമാണ്. കെ സുധാകരനെ തെരഞ്ഞെടുപ്പിൽ പിഎഫ്ഐ പിന്തുണച്ചിട്ടുണ്ട്.
മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സിപിഎം പിഎഫ്ഐയുമായി സഖ്യത്തിലാണ്. പിഎഫ്ഐക്കെതിരെയുള്ള നടപടി തീവ്രവാദത്തിനെതിരെയുള്ള മോദി സർക്കാറിന്റെ പോരാട്ടമാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെയും പ്രകാശ് ജാവദേകർ വിമർശിച്ചു.
ഭാരത് ജോഡോയാത്ര ഒരു സന്ദേശവും നൽകുന്നില്ല. അതേസമയം ആർ എസ് എസ് സമാധാനം ആഗ്രഹിക്കുന്ന സംഘടനയാണ്. ഇത് വരെ അക്രമത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും പ്രകാശ് ജാവദേകർ കൂട്ടിച്ചേർത്തു.