തിരുവനന്തപുരം: പട്ടിണി മൂലം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മയ്ക്ക് നഗരസഭ താല്കാലിക അടിസ്ഥാനത്തില്‍ ജോലി നല്‍കി. ഇത് സംബന്ധിച്ച നിയമന ഉത്തരവ് നഗരസഭാ മേയര്‍ പൂജപ്പുര മഹിളാമന്ദിരത്തിലെത്തി അമ്മയ്ക്ക് കൈമാറി.
അതേസമയം കുട്ടികളെ മര്‍ദിച്ച അച്ഛനെതിരെ കേസെടുക്കും. പിതാവ് നിരന്തരം മര്‍ദിക്കുമായിരുന്നുവെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവ് കുഞ്ഞുമോനെതിരെ കേസെടുക്കുന്നത്. ബാലാവകാശ നിയമ പ്രകാരമാകും കേസെടുക്കുക. മദ്യപിച്ചെത്തുന്ന പിതാവ് മര്‍ദിക്കാറുണ്ടെന്ന് ശിശുക്ഷേമ സമിതി ഏറ്റെടുത്ത നാല് കുട്ടികളും മൊഴി നല്‍കിയിരുന്നു. ഒരു വയസുകാരനായ അഞ്ചാമത്തെ കുഞ്ഞിനെയും ഉപദ്രവിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പട്ടിണിയെ തുടര്‍ന്ന മക്കള്‍ മണ്ണുവാരി തിന്നുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് കൈതമുക്ക് റെയില്‍വെ പുറമ്പോക്കില്‍ താമസിക്കുന്ന അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടലുണ്ടായി. തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങളെയും അമ്മയെയും കൂടി സര്‍ക്കാര്‍ മഹിളാമന്ദിരത്തിലേക്ക് മാറ്റി. പൂജപ്പുരയിലെ മഹിളാമന്ദിരത്തിലുള്ള ഇവരെ ഇന്നുതന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ഫ്ലാറ്റ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡോ മറ്റ് സര്‍ക്കാര്‍ രേഖകളോ ഇല്ലാത്ത കുടുംബത്തിന് ദാരിദ്ര്യം കണക്കിലെടുത്താണ് ഫ്ലാറ്റ് നല്‍കാന്‍ നഗരസഭ തീരുമാനിച്ചത്. ഈ കുടുംബം കൂടാതെ കൈതമുക്കിലെ റയില്‍വെ കോളനിയില്‍ താമസിക്കുന്ന പന്ത്രണ്ടോളം കുടുംബങ്ങളെയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നഗരസഭ തീരുമാനിച്ചു.