തിരുവനന്തപുരം: കടക്കാവൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു. കടക്കാവൂർ നിലക്കമുക്ക് സ്വദേശി ബിന്ദു (35), ദേവയാനി (8) എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടർന്ന് ബിന്ദുവിന്‍റെ അമ്മ പൊലീസിനെ അറിയിക്കുകയും, പൊലീസ് വീട്ടിലെത്തി നടത്തിയ തെരച്ചിലിൽ ഇരുവരുടെയും മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ഫയർ ഫോഴ്‌സും പൊലീസും ചേർന്ന് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
Also Read: ഛത്രസാൽ കൊലപാതകം; ഹോക്കി സ്‌റ്റിക് ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഇരുവരുടെയും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്. വഞ്ചിയൂർ ക്ഷേമനിധി ബോർഡിലെ എൽഡി ക്ലർക്ക് ആണ് ബിന്ദു. ബിന്ദുവിന്‍റെ ഭർത്താവ് പ്രവീൺ കുറച്ച് നാളുകൾക്ക് മുൻപ് വെള്ളം കോരുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചിരുന്നു. ഇതിലുള്ള മനോവിഷമം ആവാം ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.