തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണം തുടങ്ങി. ഇതു സംബന്ധിച്ച മാർഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.
കൂടുതല്‍ വായനയ്ക്ക്: നാല് ജില്ലകളിൽ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ക്ഡൗൺ
തലസ്ഥാനത്തെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യ വില്പനശാലകൾ, ബേക്കറികൾ, മൃഗങ്ങൾക്കുള്ള ഭക്ഷണ സാധാനങ്ങൾ, കാലീത്തിറ്റ എന്നിവ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം.
ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് പ്രവർത്തന സമയം. റേഷൻ കടകൾ, സപ്ലൈക്കോ സ്റ്റോറുകൾ എന്നിവയ്ക്ക് വൈകീട്ട് അഞ്ചു മണി വരെ എല്ലാ ദിവസവും പ്രവർത്തിക്കാം. ഹോട്ടലുകൾക്ക് രാവിലെ ഏഴു മണി മുതൽ രാത്രി 7.30 വരെയാണ് പ്രവർത്തനാനുമതി. എന്നാൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളു.
മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ തുറക്കാം. പാൽ, പത്രം എന്നിവയുടെ വിതരണം രാവിലെ എട്ടു മണിക്ക് മുൻപ് പൂർത്തിയാക്കണം. ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്നു തന്നെ അവശ്യ സാധനങ്ങൾ വാങ്ങാണമെന്നും നിർദേശമുണ്ട്. ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനകൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആവശ്യമുള്ള ജീവനക്കാരെ വച്ച് പ്രവർത്തിക്കാം.
സഹകരണ ബാങ്കുകൾക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പ്രവത്തിക്കാൻ അനുമതിയുണ്ട്. ജില്ല വിട്ടുള്ള യാത്രകൾക്ക് പൊലീസ് പാസ് നിർബന്ധമാണ്. വീട്ടുജോലിക്കാർ, ഹോം നേഴ്സ് എന്നിവർക്ക് പൊലീസ് ഓൺലൈൻ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. അടിയന്തര ഘട്ടങ്ങളിൽ ഇലട്രീഷ്യൻ, പ്ലംബർമാർ എന്നിവർക്ക് പൊലീസ് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും നിർദേശമുണ്ട്.