തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 24 മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന മേഖലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുത്ത് എ (എട്ടു ശതമാനത്തിൽ താഴെ), ബി ( 8-16), സി (16 - 24), ഡി (24 നു മുകളിൽ) എന്നിങ്ങനെ തിരിച്ചാണ് ഇളവുകൾ. എ, ബി കാറ്റഗറികളിൽ വരുന്ന പ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാലയങ്ങൾക്ക് പ്രവർത്തിക്കാം.
എന്നാല്‍, ഒരു സമയം 15 പേർക്കു മാത്രമാണ് പ്രവേശനാനുമതി ഉണ്ടാവുക. സീരിയൽ ഇൻഡോർ ഷൂട്ടിങ് പരിമിതമായ എണ്ണം ആൾക്കാരെ ഉൾപ്പെടുത്തി നടത്താവുന്നതാണ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ ബാങ്കുകൾ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബാങ്കുകൾക്ക് പ്രവർത്തിക്കാവുന്നതാണ്.
അതേസമയം, ഇടപാടുകാർക്ക് ഈ ദിവസങ്ങളിൽ ബാങ്കിലോ ബ്രാഞ്ചുകളിലോ പ്രവേശനമുണ്ടാവില്ല. സർക്കാർ ഓഫിസുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും എ, ബി കാറ്റഗറികളിൽ 50 ശതമാനം ജീവനക്കാരുമായും സി കാറ്റഗറിയിൽ 25 ശതമാനം ജീവനക്കാരുമായും പ്രവർത്തിക്കാം. ശനി, ഞായർ അടക്കം ഏതു ദിവസവും പരീക്ഷകൾ നടത്താം. അക്ഷയ ജനസേവന കേന്ദ്രങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്.
ALSO READ: മണിക്കൂറുകള്‍ക്കകം 10ലേറെ പരാതികള്‍, ഇടപെടല്‍ ; 'അപരാജിത'യ്‌ക്ക് മികച്ച പ്രതികരണം