ന്യൂഡല്‍ഹി : കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെയെത്തും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തോട് അടുക്കുകയാണെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കയുടെ തെക്കന്‍ഭാഗത്ത് മണ്‍സൂണ്‍ എത്തിയെന്നും തുടര്‍ന്ന് ഇത് കേരളത്തോട് അടുക്കുകയാണെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അറബിക്കടലിന്‍റെ തെക്ക് ഭാഗങ്ങള്‍, ലക്ഷദ്വീപിന്‍റെ ഭാഗങ്ങള്‍ കന്യാകുമാരിയുടെ ചില മേഖലകള്‍ എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ വ്യാപിക്കാനുള്ള സാഹചര്യം സംജാതമായിരിക്കുകയാണെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം കേരളത്തിലും ലക്ഷദ്വീപിലും വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ട്.
മണ്‍സൂണിന്‍റെ കേരളത്തിലേക്കുള്ള വ്യാപനം നിരന്തരം നിരീക്ഷിച്ചുവരികയാണ്. മെയ് 27ന് മണ്‍സൂണ്‍ കേരളത്തില്‍ എത്തിച്ചേരുമെന്നാണ് പ്രവചിച്ചിരുന്നത്. ഈ പ്രാവശ്യം മണ്‍സൂണ്‍ മെയ് 16നാണ് ആന്‍ഡമാന്‍ നിക്കോബാറില്‍ എത്തിയത്. ഇത് സാധാരണയില്‍ നിന്നും നേരത്തെയാണ്.
മാര്‍ച്ച് ഒന്ന് മുതല്‍ രാജ്യത്ത് സാധാരണ ലഭിക്കുന്നതിനേക്കാള്‍ മൂന്ന് ശതമാനം അധികം മഴയാണ് ലഭിച്ചത്. രാജ്യത്തിന്‍റെ തെക്കന്‍ ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. രാജ്യത്തിന്‍റെ വടക്ക് പടിഞ്ഞാറന്‍ ഭാഗം ഈ സമയത്ത് കടുത്ത ഉഷ്‌ണ തരംഗത്തിലായിരുന്നു.
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മഴ സാധാരണയിലേക്കാളും 65 ശതമാനവും മധ്യ ഇന്ത്യയില്‍ 39 ശതമാനവും മാര്‍ച്ച് ഒന്ന് മുതല്‍ കുറവായിരുന്നു. രാജ്യത്തിന്‍റെ തെക്ക് ഭാഗത്ത് മഴ സാധാരണയിലേക്കാളും 76 ശതമാനം കൂടുതലായിരുന്നു. കിഴക്കന്‍ ഭാഗത്തും വടക്കുകിഴക്കന്‍ ഭാഗത്തും മഴ 27 ശതമാനം കൂടുതലായിരുന്നുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദം അറിയിക്കുന്നു.