തിരുവനന്തപുരം : കൊടകര കുഴൽപ്പണ കേസിൽ രണ്ടരമാസമായിട്ടും പുരോഗതി ഇല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അന്വേഷണം വളരെ മന്ദഗതിയിലാണ്. ഹൈവേ റോബറി എന്ന തരത്തിലാണ് ഇപ്പോഴും അന്വേഷണം നടത്തുന്നത്. നിയമസഭയിൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി രണ്ടുതവണ മറുപടി പറഞ്ഞപ്പോഴും ബി.ജെ.പി നേതൃത്വത്തിന്‍റെയോ കെ. സുരേന്ദ്രന്‍റെയോ പേര് പറയാത്തത് അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ALSO READ: അപമാനിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചെന്ന് ആരോപണം; പ്രതിപക്ഷം സഭ വിട്ടു
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള ഏജൻസികൾ സർക്കാരിനെതിരെ അന്വേഷണം നടത്തി. എന്നാൽ ഒരു സുപ്രഭാതത്തിൽ അന്വേഷണത്തെ കുറിച്ച് ഒരു വിവരവും ഇല്ല. പരസ്പരം ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുകയാണ്. ഒത്തുതീർപ്പിനായി ഇടനിലക്കാരായി ചിലർ രംഗത്ത് വന്നിട്ടുണ്ട്. സർക്കസിലെ തല്ല് മാത്രമാണ് ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ നടത്തുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
ALSO READ: കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി സഭയില്‍ വാക്പോര്
കൊടകര കേസ് രാഷ്ട്രീയ പ്രാധാന്യത്തോടെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ജനങ്ങൾ കരുതുന്നതുപോലെ സർക്കാർ ഈ കേസിനെ ഗൗരവമായി എടുത്തതായി കാണാൻ കഴിയുന്നില്ല. അന്വേഷണം ഒച്ചിഴയുന്ന പോലെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടുമെന്ന് പറയുന്ന പോലെ ഒരു കുഴലിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്ന പോലെ ആകരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള പ്രസംഗത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയും പറഞ്ഞു.