തിരുവനന്തപുരം: കെ.കെ.രമ എം.എല്‍.എയ്‌ക്കെതിരെ നിയമസഭയില്‍ നടത്തിയ പരമാര്‍ശത്തില്‍ സ്‌ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും ഉറച്ചു നില്‍ക്കുന്നതായും സി.പി.എം നേതാവ് എം.എം.മണി എം.എല്‍.എ. ഒരു ഖേദവുമില്ല. പ്രതികരണം ശരിയാണെന്നാണ് വിശ്വാസം.
മുഖ്യമന്ത്രിയെ രമ നിയമസഭയില്‍ കടന്നാക്രമിച്ച് സംസാരിച്ചു. കഴിഞ്ഞ ഒരു വര്‍ഷവും നാലു മാസവുമായി രമ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും തേജോവധം ചെയ്‌തു സംസാരിക്കുന്നു. നിയമസഭയിലെ ചര്‍ച്ചയ്‌ക്കിടെ അതേക്കുറിച്ച് പറയണമെന്ന് തോന്നി. നിയമസഭയില്‍ എല്ലാ അംഗങ്ങള്‍ക്കും തുല്യ പരിഗണനയാണ്.
രമയ്‌ക്ക് പ്രത്യേക സംവരണം ഇല്ലാത്തതിനാലാണ് മറുപടി നല്‍കിയത്. രമ ഇത്രയും രൂക്ഷമായി പ്രതികരിച്ചിട്ടും സി.പി.എം ഇതുവരെ തിരിച്ചു പ്രതികരിച്ചിട്ടില്ല. താന്‍ അവരെ മഹതി എന്നു വിളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അവര്‍ വിധവയല്ലേ എന്നു വിളിച്ചു ചോദിച്ചു.
വിധവയായത് വിധിയല്ലേ എന്നു താന്‍ തിരിച്ചു ചോദിച്ചു. അത് തെറ്റാണെന്നു തോന്നുന്നില്ല. ദൈവ വിശ്വാസിയല്ല, അപ്പോള്‍ വായില്‍ തോന്നിയത് പറഞ്ഞു. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എമ്മിനു പങ്കില്ല. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടെങ്കിലും പാര്‍ട്ടി തീരുമാനിച്ച് ചെയ്‌തതല്ല. കൊലപാതകത്തെ സി.പി.എം തള്ളിക്കളഞ്ഞിട്ടുണ്ട്. രമയോട് തനിക്ക് വിദ്വേഷമില്ലെന്നും മണി പറഞ്ഞു.
ഇന്നലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്‌ക്കിടെയാണ് കെ.കെ.രമയുടെ വൈധവ്യം അവരുടെ വിധിയാണെന്ന സ്‌ത്രീവിരുദ്ധ പരാമര്‍ശം എം.എം.മണി നടത്തിയത്. സംഭവത്തില്‍ അപ്പോള്‍ തന്നെ എതിര്‍പ്പുയര്‍ത്തിയ പ്രതിപക്ഷം മണി മാപ്പ് പറയാത്തതില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. ഇന്നും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സഭാ നടപടികള്‍ സ്‌തംഭിക്കുകയായിരുന്നു.