തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഈ മാസം 12ന് നിയോജക മണ്ഡല അടിസ്ഥാനത്തിൽ സമരം നടത്തും. അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സമരമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. സമരങ്ങളിൽ നിന്ന് യുഡിഎഫ് ഒളിച്ചോടിയിട്ടില്ല. നിരോധനാജ്ഞയോട് പൂർണമായും സഹകരിക്കുമെന്നും എംഎം ഹസൻ പറഞ്ഞു.
ഐ ഫോൺ ആരോപണത്തിൽ മന്ത്രിമാരുടെ വീട്ടിൽ പരിശോധന നടത്തിയാൽ മറ്റു ഫോണുകളും കണ്ടെത്താമെന്നും എംഎം ഹസൻ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യുഡിഎഫ് പ്രത്യക്ഷ സമരങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇത് കോൺഗ്രസില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് സമരം തുടരാനുള്ള യുഡിഎഫ് നീക്കം.