തിരുവനന്തപുരം: പലസ്‌തീന്‍ യുദ്ധം നീണ്ടു പോകണം എന്നാഗ്രഹിക്കുന്ന ഏക വ്യക്തി പിണറായി വിജയനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. പാലസ്‌തീന്‍ യുദ്ധവും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമില്ലായിരുന്നെങ്കില്‍ നവകേരള സദസില്‍ മുഖ്യമന്ത്രി എന്തു പറയുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതാണോ കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ നീറുന്ന പ്രശ്‌നം. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎം ഹസന്‍.
നവ കേരള സദസില്‍ മുഖ്യമന്ത്രി സാധാരണക്കാരെ കാണുന്നില്ല. അവരില്‍ നിന്ന് നിവേദനവും സ്വീകരിക്കുന്നില്ല. വിവിഐപികളുമായി സംവദിക്കുന്നു അവര്‍ക്കൊപ്പം മൃഷ്‌ടാന്നം ഭക്ഷണം കഴിക്കുന്നു. ഇതാണോ നവ കേരള സദസ്.
പാവപ്പെട്ടവരുടെ നിവേദനം സ്വീകരിക്കുന്നത് ഉദ്യോഗസ്ഥരാണ്. നിവേദനത്തിന് എന്തു സംഭവിച്ചു എന്ന് 7 ദിവസം കഴിയുമ്പോള്‍ വെബ് സൈറ്റില്‍ വരും എന്നാണ് പറയുന്നത്. അങ്ങനെയങ്കില്‍ കലക്‌ടറേറ്റില്‍ നിവേദനം സ്വീകരിച്ചാല്‍ പോരായിരുന്നോ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരെയും യൂത്ത് ലീഗുകാരെയും ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ക്രൂരമായി ആക്രമിക്കുകയാണ്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷിക്കുകയായിരുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്. സര്‍ സിപിയെക്കാള്‍ വലിയ മര്‍ദ്ദക വീരനായി മുഖ്യമന്ത്രി മാറി. ചുവപ്പു കണ്ടാല്‍ വിരണ്ടോടുന്ന കാളയെ പോലെ കറുപ്പ് കണ്ടാല്‍ വിരളുന്ന കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുന്നവരെ ആത്മഹത്യ സ്‌ക്വാഡ് എന്നു വിളിച്ച് തല്ലിക്കൊന്ന് ആത്മഹത്യയ്‌ക്ക് കേസെടുക്കാനാണ് നീക്കം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നവര്‍ ആത്മഹത്യ സ്‌ക്വാഡ് ആണെങ്കില്‍ അവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്നതെന്തിനെന്നും എംഎം ഹസന്‍ ചോദിച്ചു.
7 ലക്ഷം ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുമ്പോഴാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കൊപ്പം ഊരു ചുറ്റുന്നത്. നവ കേരള സദസിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ് ഡിസംബര്‍ 2 മുതല്‍ 22 വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അത് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. ക്രിസ്‌തുമസ് പ്രമാണിച്ച് ഡിസംബര്‍ 24, 25, 26 തീയതികളില്‍ ഒഴിവ് നല്‍കും.
ഡിസംബര്‍ 2ന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് വിചാരണ സദസിന്‍റെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിര്‍വ്വഹിക്കും. ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും നേമത്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും തൃത്താലയില്‍ രമേശ് ചെന്നിത്തലയും ഏറ്റുമാനൂരില്‍ പിജെ ജോസഫും വിചാരണ സദസ് ഉദ്ഘാടനം ചെയ്യുമെന്ന് ഹസന്‍ അറിയിച്ചു.