തിരുവനന്തപുരം: ഇസ്രയേൽ യുദ്ധത്തിനിടെ ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ച പ്രസ്‌താവന ശശി തരൂർ തന്നെ തിരുത്തിയതാണെന്നും ഹമാസിനെ ഭീകര സംഘടനയായി കാണുന്നത് പാശ്ചാത്യ മാധ്യമങ്ങളും സയണിസ്‌റ്റുകൾ ആണെന്നും ഹമാസിന്‍റേത് പ്രത്യാക്രമണം ആയിട്ടാണ് താൻ കാണുന്നതെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ (MM Hasan On Shashi Tharoor Controversial speech).
ഹമാസ് ഒരു പ്രതിരോധ സേനയാണ്. മോദിയുടെയും നെതന്യാഹുവിന്‍റെയും ശബ്‌ദം ഒരുപോലെയാണ്. യുഡിഎഫിന് ഒരു ആശങ്കയുമില്ല. കോൺഗ്രസ് എല്ലാ കാലത്തും നിലകൊണ്ടത് പലസ്‌തീനൊപ്പമാണ്. പണ്ട് മുതലേ അതാണ് പാർട്ടി നയം. പലസ്‌തീൻ അനുകൂല ലീഗിന്‍റെ റാലിയിൽ തന്നെ ക്ഷണിക്കാത്തതിൽ പരാതിയില്ലെന്നും എംഎം ഹസ്സൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ജനസദസ്സിനെതിരെയും കേരളീയം പരിപാടിക്കെതിരെയും രൂക്ഷവിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു. നികുതി കൊള്ളയാണ് നടക്കുന്നത്. പിണറായി വിജയന്‍റെ ബസ് യാത്രയും നരേന്ദ്ര മോദിയുടെ രഥ യാത്രയും അഴിമതി പ്രചാരണ യാത്രകളാണ്. നികുതി പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. സെക്രട്ടേറിയറ്റിനു അവധി കൊടുത്താണ് ജനസദസ്സ് സംഘടിപ്പിക്കുന്നത്.
പരിപാടിക്ക് പണം പിരിക്കുന്നത് ഉദ്യോഗസ്ഥർ ആണ്. പല മാഫിയകളിൽ നിന്നും പണം പിരിക്കുന്നു. ഈ പിരിവ് നികുതി പിരിവിനെ ബാധിക്കും. ജനസദസിന് വേണ്ടിയുള്ള ഈ പിരിവ് മറ്റൊരു അഴിമതിക്ക് കളമൊരുക്കുമെന്നും ഹസൻ ആരോപിച്ചു. കേരളീയം ആഘോഷം കൊണ്ട് തലസ്ഥാന നഗരവാസികൾക്ക് എന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു.
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളീയം പരിപാടി ധൂർത്ത് ആണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം പോലും നൽകാതെയാണ് കോടികൾ മുടക്കി കേരളീയം പരിപാടി നടത്തുന്നത്.
തലസ്ഥാനത്തെ വെള്ളക്കെട്ടിന് പോലും പരിഹാരം കാണാതെയാണ് കേരളീയത്തിന് ടെണ്ടറില്ലാതെ 27 കോടി പൊടിക്കുന്നത്. ഇതിനെതിരെ ഡിസംബറിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ യുഡിഎഫ് കുറ്റ വിചാരണ സദസുകൾ സംഘടിപ്പിക്കും.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും എം എം ഹസൻ പറഞ്ഞു. കോട്ടയം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഘടകകക്ഷികൾ താൽപ്പര്യമുന്നയിക്കുന്നത് സ്വാഭാവികമാണ്. മുന്നണി യോഗത്തിൽ ചർച്ച ചെയ്‌താൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും എംഎം ഹസ്സൻ കൂട്ടിചേർത്തു.
അതേസമയം ഇസ്രയേലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന്‍റെ പ്രതികാരം അതിരുകടന്നെന്നായിരുന്നു കോഴിക്കോട് ബിച്ചിൽ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂർ പറഞ്ഞത്.
സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. താൻ എന്നും പലസ്‌തീൻ ജനതയ്‌ക്കൊപ്പമാണ്. തൻ്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമായി ആരും വ്യാഖാനിക്കേണ്ട. പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.