തിരുവനന്തപുരം: കെഎസ്ആർടിസി ഉദ്യോഗസ്ഥരിൽ പുഴുക്കുത്തുകൾ ഇപ്പോഴുമുണ്ടെന്ന് പ്രതിപക്ഷം. ഭൂരിഭാഗവും സമർഥരെന്ന് മന്ത്രി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ കെഎസ്ആർടിസിയെ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചത്. ആലുവ ബസ് സ്റ്റാൻഡ് നിർമാണം സംബന്ധിച്ച് ചോദ്യം ചോദിച്ച പ്രതിപക്ഷ എംഎൽഎ അൻവർ സാദത്താണ് കെഎസ്ആർടിസിയിൽ ഇപ്പോഴും പുഴുക്കുത്തുകൾ ഉണ്ടെന്ന ആരോപണം ഉന്നയിച്ചത്.
പല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇപ്പോഴും കെടുകാര്യസ്ഥത ഉണ്ടാകുന്നു. ആലുവ ബസ് സ്റ്റാന്‍ഡിലെ പ്രവർത്തനങ്ങൾ വൈകുന്നതിന് കാരണം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്നും അൻവർ സാദത്ത് ആരോപിച്ചു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ ഗതാഗത മന്ത്രി ആന്‍റണി രാജു തള്ളി.
കെഎസ്ആർടിസിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും സമർഥരാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. കോർപറേഷന് ഉള്ള സർക്കാർ സഹായം പകുതിയായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ മികവ് കൊണ്ടാണ്. കൊവിഡ് കാലത്ത് നിർത്തിവച്ച കെഎസ്ആർടിസിയുടെ സർവീസുകളിൽ ഭൂരിഭാഗവും പുനരാരംഭിച്ചിട്ടുണ്ട്. അത്യാവശ്യ റൂട്ടുകളിലേക്കുള്ള സർവീസുകൾ ആരംഭിക്കാൻ കോർപറേഷൻ തയ്യാറാണ്.
എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. കൊവിഡ് കാലത്തെ 33 ലക്ഷത്തോളം പേർ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് പകുതിയായി കുറഞ്ഞതായും മന്ത്രി പറഞ്ഞു.