തിരുവനന്തപുരം: കാർഷിക സ്വർണ വായ്പകൾ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികൾ പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി കൃഷിമന്ത്രി വിഎസ് സുനിൽ കുമാറുമായി ചർച്ച നടത്തി. അഞ്ചു ജില്ലകളിലെ 30 ബാങ്കുകളിൽനിന്ന് തെളിവ് ശേഖരിച്ച ശേഷമാണ് സംഘം കൃഷി മന്ത്രിയെ കണ്ടത്. കേന്ദ്ര കൃഷിവകുപ്പ് ജോയിൻ ഡയറക്ടർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉന്നതാധികാര സമിതിയാണ് വിവിധ ബാങ്കുകൾ സന്ദർശിച്ച് തെളിവ് ശേഖരിച്ചത്. തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിലാണ് സംഘമെത്തിയത്.
സംസ്ഥാനത്തെ ആകെ കാർഷിക വായ്പയുടെ 62 ശതമാനവും കാർഷിക സ്വർണ വായ്പയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് അസ്വാഭാവികമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തെയും റിസർവ് ബാങ്കിനെയും സമീപിച്ചിരുന്നത്. പലിശ ഇളവ് മുതലാക്കാൻ കർഷകരല്ലാത്തവർ വ്യാപകമായി കാർഷിക സ്വർണ വായ്‌പ എടുക്കുന്നുവെന്ന പരാതിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചത്. മൂന്നു ദിവസത്തിനകം സമിതി റിപ്പോർട്ട് നൽകും.