തിരുവനന്തപുരം: സംസ്ഥാനത്ത് കോളജ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. നടപടി ഒട്ടേറെ മുന്നോട്ട് പോയിട്ടുണ്ട്. 90 ശതമാനം നടപടി പൂർത്തിയായപ്പോൾ പരാതി ഉയർന്നു. പരാതികൾ പരിശോധിക്കുന്നുണ്ട്. ഒരു മാസത്തിനകം നടപടി പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
നാല് വർഷമായി 66 സർക്കാർ കോളജുകളിലാണ് പ്രിൻസിപ്പൽമാരില്ലാത്തത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലിലുളള പ്രീതി നഷ്‌ടമായെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ഗവർണറുടെ കത്ത് മുഖ്യമന്ത്രിക്കാണ് ലഭിച്ചത്.
വിഷയത്തിൽ കൂട്ടായ തീരുമാനം എടുക്കാൻ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ക്ഷണിച്ചാൽ പങ്കെടുക്കുക എന്നതാണ് തൻ്റെ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ ക്യാമ്പസുകൾ ലഹരി മുക്തമാക്കാനുള്ള 'ബോധപൂർണ്ണിമ' കാമ്പയിനിന്‍റെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്ത് ലഹരി വിരുദ്ധ കർമ്മസേന രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സേനയുടെ നാമകരണവും രൂപീകരണ പ്രഖ്യാപനവും ഒക്‌ടോബര്‍ 27 ന് രാവിലെ 11ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കും.
ഓരോ കലാലയത്തിലെയും എൻഎസ്എസ് - എൻസിസി വിഭാഗം വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കുന്ന പത്തുപേർ വീതമുള്ള (ആകെ 20) വളണ്ടിയർമാർ ചേരുന്നതാണ് ക്യാമ്പസ് തല കർമ്മസേന. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളിൽ ലഹരി ഉപഭോഗം നിരുത്സാഹപ്പെടുത്തുക, ആവശ്യം വരുന്ന പക്ഷം കൗൺസലിങ് നടപടികൾക്ക് ശുപാർശ ചെയ്യുക, ഉപയോഗം ശ്രദ്ധയിൽപെടുമ്പോൾ ഉത്തരവാദപ്പെട്ടവർക്ക് വിവരം നൽകുക തുടങ്ങി, ലഹരി വിപത്തിനെതിരെ നിരന്തര ബോധവത്കരണത്തിന് നേതൃത്വം നൽകലും സമൂഹ മാധ്യമങ്ങൾ വഴിയും സൗഹൃദ കൂട്ടായ്‍മകൾ വഴിയും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കലും ലഹരിവിരുദ്ധ സേന മുഖ്യകർത്തവ്യങ്ങളായി ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.