തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് താലൂക്ക് തലത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ അദാലത്ത് സംഘടിപ്പിക്കും. ഭൂമി, സാമൂഹിക സുരക്ഷ, ആരോഗ്യം, തെരുവുനായ ആക്രമണം, വന്യ മൃഗങ്ങളുടെ ആക്രമണം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് അദാലത്ത് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അദാലത്തുമായി സംബന്ധിച്ച് തീരുമാനമുണ്ടായത്.
'രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ഏപ്രില്‍, മെയ് തുടങ്ങിയ മാസങ്ങളില്‍ താലൂക്ക് ആസ്ഥാനത്തില്‍ വച്ച് മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. കലക്‌ടറേറ്റിലെ ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട താലൂക്ക് അധികൃതരുടെയും നേതൃത്വത്തിലാകും അദാലത്ത് സംഘടിപ്പിക്കുക'- മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
പരാതികള്‍ സമര്‍പ്പിക്കേണ്ട ദിവസം: 'ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നല്‍കുന്ന പരാതികളായിരിക്കും അദാലത്തില്‍ പരിഗണിക്കുക. പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളുമായും താലൂക്ക് ഓഫീസുമായും ബന്ധപ്പെട്ട് പരാതികള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇതിന് ആവശ്യമായ ഔണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും' പ്രസ്‌താവനയില്‍ വ്യക്തമാക്കി.
അതേസമയം, അന്താരാഷ്‌ട്ര വനിത ദിനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വനിത സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ നിക്ഷേപം നല്‍കുമെന്ന് കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ തീരുമാനിച്ചു. വനിത ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിന് സംരംഭകര്‍ക്ക് വിവിധ പരിപാടികളിലൂടെ നിക്ഷേപങ്ങള്‍ സാധ്യമാക്കുകയാണ് സ്‌റ്റാര്‍ട്ടപ്പ് മിഷന്‍റെ ലക്ഷ്യം.
2030ഓടെ നൂറില്‍ പരം സ്‌റ്റാര്‍ട്ടപ്പുകള്‍: ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള വനിത സ്‌റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധനവിന്‍റെ എണ്ണം വളരെ ഉയര്‍ന്നു തന്നെയാണ്. ഏകദേശം 250 സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട തുക സുരക്ഷിതമാക്കാനാണ് സ്‌റ്റാര്‍ട്ടപ്പ് മിഷന്‍റെ തീരുമാനം.
കൂടാതെ 2030 വര്‍ഷമാകുമ്പോള്‍ നൂറില്‍ പരം വനിത സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വനിത എയ്‌ഞ്ചല്‍ നിക്ഷേപക ഗ്രൂപ്പുകളാണ് ഇതിനായി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് കെ എസ് യു എം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 1.73 കോടി രൂപയാണ് വനിത സ്‌റ്റാര്‍ട്ടപ്പുകള്‍ക്കായി ധനസഹായമായി നല്‍കിയത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വനിതകള്‍ക്കായി നടത്തിയ മാനേജ്‌മെന്‍റ് പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നത് 26 സ്‌റ്റാര്‍ട്ടപ്പ് സ്ഥാപകരാണ്. ഇതില്‍ 95 ശതമാനം ആളുകള്‍ പ്രൊഫഷണലും അഞ്ച് ശതമാനത്തോളം ആളുകള്‍ വിദ്യാര്‍ഥികളുമാണ്. 12 ലക്ഷം രൂപ വരെയുള്ള ഉത്പാദന ഗ്രാന്‍റ്, പത്ത് ലക്ഷം രൂപ വരെയുള്ള സ്‌കെയിലപ്പ് ഗ്രാന്‍റ്, രണ്ട് വര്‍ഷത്തെ മൊറട്ടോറിയം കാലയളവിലുള്ള സോഫ്‌റ്റ് ലോണുകള്‍, 10 ലക്ഷം രൂപ വരെയുള്ള ടെക്‌നോളജി സ്‌റ്റാര്‍ട്ടപ്പ് എന്നിങ്ങനെയുള്ളവയാണ് ധനസഹായ പിന്തുണയില്‍ ഉള്‍പെടുന്നത്.