തിരുവനന്തപുരം: സംരംഭകരുടെ പരാതി പരിഹരിക്കാൻ സിവിൽ കോടതി മാതൃകയിൽ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പരാതിയിൽ പരിഹാരം കാണുന്നതിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ALSO READ:പതിവ് തെറ്റിയില്ല, ഇന്നും വില കൂടി പെട്രോളും ഡീസലും
ഉദ്യോഗസ്ഥതലത്തിൽ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്‌ച ഉണ്ടായതുകൊണ്ടാണ് വ്യവസായ മന്ത്രി തന്നെ മീറ്റ് ദി മിനിസ്റ്റേഴ്‌സ് പരിപാടി നടത്തിയത്. പത്ത് ജില്ലകളിൽ പരിപാടി പൂർത്തിയാക്കി. 419 സംരഭകരമായി ചർച്ച നടത്തി. ഭൂരിഭാഗം പരാതികളിലും പരിഹാരം കണ്ടെത്തിയെന്നും ബാക്കിയുള്ള പരാതികളിൽ പരിഹാരം കാണുന്നതിന് മുതിർന്ന ഐഎഎസ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
അതേസമയം മീറ്റ് ദി മിനിസ്റ്റേഴ്‌സ് പരിപാടി തുടരാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ പരാതികളിൽ വേഗത്തിൽ പരിഹാരം കാണാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.