തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനം നടക്കുന്നത് അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബോണസ് പോയിന്‍റുകള്‍ കുറച്ചുകൊണ്ട് വരാനാണ് ഇപ്പോൾ ശ്രമിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ 18 പോയിന്‍റ് വരെ ബോണസായി നൽകിയിരുന്നത് ഇത്തവണ 10 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്.
നീന്തലിന് നൽകിക്കൊണ്ടിരുന്ന ബോണസ് പോയിന്‍റ് നിർത്തലാക്കിയത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. ഏകജാലക സംവിധാനം വഴി പ്ലസ് വൺ പ്രവേശനം നടത്തുന്ന അപൂർവം സംസ്ഥാനമാണ് കേരളം. അതിന് മുമ്പ് മെറിറ്റ് അടിസ്ഥാനത്തിൽ ലഭ്യമാകുന്ന സീറ്റുകൾ വളരെ കുറവായിരുന്നു.
ഒരുപാട് മാനദണ്ഡങ്ങൾ പരിഗണിച്ചതിന് ശേഷമാണ് പേരിലെ അക്ഷരക്രമവും ജനനത്തീയതിയും പരിഗണിക്കുന്നത്. തുല്യ സ്കോർ വരുന്നവരെ പരിഗണിക്കുമ്പോഴാണ് മറ്റ് ഘടകങ്ങൾ പരിഗണിക്കാൻ നിർബന്ധിതരാകുന്നത്. പി.എസ്.സി പോലും നിയമനങ്ങൾക്ക് സ്വീകരിക്കുന്നത് ഈ മാതൃകയാണ്. ഇത്തരം ഘടകങ്ങൾ പരിഗണിച്ചില്ലെങ്കിൽ കുട്ടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥയുണ്ടാകും.
also read: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തുടക്കമായി, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
പരമാവധി കുട്ടികൾക്ക് ഇഷ്ടമുള്ള സ്‌കൂളുകളിൽ താല്‍പര്യമുള്ള കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്നത് ഈ സംവിധാനത്തിന്‍റെ വിജയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹിജാബ് വിഷയത്തില്‍ റിപ്പോര്‍ട് തേടി : കോഴിക്കോട് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ജീവൻ ബാബു ഐഎഎസിന് നിർദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ ഇന്ന് മന്ത്രിയെ നേരിൽ കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
also read: ശിരോവസ്‌ത്രമിടാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി, സ്‌കൂള്‍ മാറാന്‍ ശ്രമിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി
പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഉയർന്ന പരാതി. പ്ലസ് വൺ പ്രവേശനത്തിനെത്തിയ വിദ്യാർഥിനിയോട് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. യൂണിഫോമിൽ ശിരോവസ്ത്രമില്ലെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.
തട്ടമിടാൻ പറ്റില്ലെന്നാണോ എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കിൽ കുട്ടിയെ ചേർത്താൽ മതിയെന്നും പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർഥിനിയുടെ രക്ഷിതാവ് പറഞ്ഞു.