തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ അഴിമതി നടത്തുകയാണെന്ന ആരോപണവുമായി വിടി ബൽറാം എംഎല്‍എ. കെൽട്രോണിനെ ഇടനിലക്കാരാക്കി വൻ അഴിമതി സർക്കാർ തലത്തിൽ നടക്കുകയാണെന്ന് വിടി ബൽറാം രേഖാമൂലം നിയമസഭയിൽ ആരോപിച്ചു. വ്യവസായ വകുപ്പ് ഡയറക്ടർ പി ബിജുവിനെ മാറ്റിയത് അഴിമതിക്ക് വേണ്ടിയാണെന്ന് വിടി ബൽറാം ആരോപിച്ചു. കരിമണൽ ഖനന ലോബിയുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു നീക്കം. സഭയെ പോലും തെറ്റിദ്ധരിപ്പിച്ചു കൊണ്ടുള്ള അഴിമതിയാണ് കെൽട്രോണിൽ നടക്കുന്നതെന്നും വി ടി ബൽറാം എംഎൽഎ ആരോപിച്ചു.
അഴിമതിയുടെ ദല്ലാളായി കെൽട്രോണിന് ഉപയോഗിക്കുകയാണ്. മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടി വിലയ്ക്കാണ് ഉപകരണങ്ങൾ കെൽട്രോൺ വാങ്ങുന്നത്. കൊക്കോണിസ് ലാപ്ടോപ് തുടങ്ങാനെന്ന വ്യാജേന സ്വകാര്യ കമ്പനികൾക്ക് സർക്കാർ ഭൂമി നൽകുകയാണ്. ചൈനീസ് ഉൽപ്പന്നം വാങ്ങി സ്റ്റിക്കർ ഒട്ടിച്ച് വിൽക്കുന്ന കമ്പനിയാണ് കരാറിൽ പങ്കാളിയായിരിക്കുന്നത്. കെൽട്രോണിനു 26 ശതമാനം ഓഹരി മാത്രമുള്ളത്. 54 ശതമാനം ഓഹരികൾ സ്വകാര്യ കമ്പനിക്ക് വില്പന നടത്തി. മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഈ അഴിമതികൾ എല്ലാം നടക്കുന്നത്. അഴിമതിയിൽ പങ്കുള്ള മന്ത്രിമാരുടെ പേര് ഇപ്പോൾ ഉന്നയിക്കുന്നില്ല. എന്നാൽ എന്നാൽ കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കിൽ മന്ത്രിമാരുടെ പേര് പറയേണ്ടി വരും. കെൽട്രോണുമായി ബന്ധപ്പെട്ട എല്ലാ ആക്ഷേപങ്ങളിലും സമഗ്രാന്വേഷണം വേണമെന്നും ബൽറാം ആവശ്യപ്പെട്ടു. ഗാലക്സോൺ എന്ന കമ്പനിയും മുഖ്യമന്ത്രിയുമുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയിലെ സ്ഥിരം സാന്നിധ്യമാണ് ഗാലക്സോണിലെ ബർണാഡ് രാജൻ എന്നും വി.ടി.ബൽറാം രേഖാമൂലം ആരോപിച്ചു.