തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശനം. ആശുപത്രിയിലെത്തിയ മന്ത്രി ആരോഗ്യ വിദഗ്‌ധരുമായി ചര്‍ച്ച നടത്തി.
ന്യൂമോണിയ ബാധിച്ച ഉമ്മന്‍ ചാണ്ടിയ്‌ക്ക് പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ പരിചരിക്കുന്നത് നെഫ്രോളജി വിഭാഗം ഡോക്‌ടര്‍ മഞ്‌ജു തമ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മകന്‍ ചാണ്ടി ഉമ്മനും മറിയ ഉമ്മനും ആശുപത്രിയില്‍ ഒപ്പമുണ്ട്. സന്ദര്‍ശകര്‍ക്ക് ആശുപത്രിയില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
ജര്‍മനിയിലെ ലേസര്‍ ശസ്ത്രക്രിയക്ക് ശേഷം ബെംഗളൂരുവിലെ ഡോ. വിശാല്‍ റാവുവിന്‍റെ ചികിത്സയിലായിരുന്നു ഉമ്മന്‍ ചാണ്ടി. തുടര്‍ പരിശോധനക്ക് ശേഷം ബെംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് ന്യൂമോണിയ ബാധിച്ചത്. ഇന്നലെ രാവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ കെ ആന്‍റണിയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും വിളിച്ച് ആരോഗ്യ കാര്യങ്ങള്‍ തിരക്കി. ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ കുടുംബം തയ്യാറാകുന്നില്ലെന്ന ആരോപണവുമായി സഹോദരന്‍ അലക്‌സ് വി ചാണ്ടി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ജീവന്‍ അപകടത്തിലായ സാഹചര്യത്തിലാണ് തന്‍റെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായെത്തിയതെന്നായിരുന്നു അലക്‌സ് വി ചാണ്ടിയുടെ മകന്‍ അജയ് അലക്‌സിന്‍റെ വാദം.
ഡോക്‌ടര്‍മാരുടെ പാനല്‍ രൂപീകരിച്ച് അദ്ദേഹത്തിന് വിദഗ്‌ധ ചികിത്സ നല്‍കണമെന്നും അജയ് അലക്‌സ് പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ തന്‍റെ കുടുംബവും പാര്‍ട്ടിയും തനിക്ക് കൃത്യമായ ചികിത്സയും പരിചരണവുമാണ് നല്‍കുന്നതെന്ന് ഉമ്മന്‍ ചാണ്ടി മകന്‍ ചാണ്ടി ഉമ്മന്‍റെ ഫേസ്‌ബുക്ക് ലൈവില്‍ നേരിട്ടെത്തി പ്രതികരിച്ചു.