തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തവും അതുമൂലമുള്ള പുകയും കാരണം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അവാസ്‌തവമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് ആരോപിക്കുകയാണ്.
ഇന്നും ഇതേ രീതിയിൽ ആരോപണം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളിലൂടെ ഉന്നയിച്ചു. മാർച്ച് അഞ്ചിന് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും മാസ്‌ക് ധരിക്കുന്നതിന്‍റെ ആവശ്യകതകളെ കുറിച്ചും വ്യക്തമായി പറഞ്ഞതാണ്. പ്രതിപക്ഷ എംഎൽഎമാരടക്കം പങ്കെടുത്ത യോഗത്തിലും ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്.
തെളിവുണ്ട് പറയാത്തതിന്: ഇക്കാര്യങ്ങൾ ഒന്നും സ്വന്തം നിലയിൽ പറയുന്നതല്ല. വിദഗ്‌ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് കാര്യങ്ങൾ പറഞ്ഞത്. വിവിധ തലത്തിലുള്ള യോഗങ്ങളും ചേർന്നിരുന്നു. ഒരു ഘട്ടത്തിലും താൻ പറയാത്ത കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വീണ്ടും വീണ്ടും പറയുന്നത് ശരിയായ നടപടിയല്ലെന്നും വീണ ജോർജ് വ്യക്തമാക്കി. മാർച്ച് അഞ്ചിന് എറണാകുളം കലക്‌ടറേറ്റിൽ നടത്തിയ വാർത്താസമ്മേളന ദൃശ്യങ്ങൾ അടക്കം പ്രദർശിപ്പിച്ചാണ് മന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി നൽകിയത്.
മാർച്ച് അഞ്ചിലെ യോഗത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് സംബന്ധിച്ച് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ബ്രഹ്മപുരം തീപിടിത്തം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര് തുടരുകയാണ്. കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിൽ ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിമർശനമുന്നയിച്ചിരുന്നു.
വിമർശനങ്ങൾ തള്ളി മന്ത്രി: തീപിടിത്തം ഉണ്ടായി പത്താം ദിവസമാണ് ആരോഗ്യമന്ത്രി മാസ്‌കിനെ കുറിച്ച് പറഞ്ഞതെന്നും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് ആദ്യഘട്ടങ്ങളിൽ മന്ത്രി പറഞ്ഞതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമർശനം. എന്നാൽ മന്ത്രി ഇത് തള്ളുകയായിരുന്നു.
പുകമറ നീക്കി ബ്രഹ്മപുരം: മാർച്ച് രണ്ടിനാണ് ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിന് തീപിടിച്ചത്. 12 ദിവസം നീണ്ടുനിന്ന ഫയർ അന്‍റ് റെസ്‌ക്യു, കൊച്ചിന പോർട്ട് ട്രസ്‌റ്റ്, നേവി, സിവിൽ ഡിഫൻസ്, എയർ ഫോസ്‌സ്, ബിപിസിഎൽ, എൽഎൻജി ടെർമിനൽ, കോർപ്പറേഷൻ, പൊലീസ്, ആരോഗ്യ പ്രവർത്തകർ, എക്‌സ്‌കവേറ്റർ ഓപ്പർറേറ്റർമാർ ഹോംഗാർഡ് എന്നിവരുടെ കഠിനധ്വാനത്തിന്‍റെ ഫലമായി ഇന്നാണ് തീ അണക്കാൻ ആയത്. എന്നാൽ രണ്ടാഴ്‌ചയോളം മാലിന്യ കൂമ്പാരത്തിൽ നിന്ന് ഉയർന്ന പുക കൊച്ചിയിൽ ജനജീവിതം ദുരിതപൂർണമാക്കിയിരുന്നു.
also read: ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോര്‍പ്പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
എന്നിരുന്നാലും ചെറിയ തീപിടിത്ത സാധ്യതകൾ കണക്കിലെടുത്ത് അടുത്ത 48 മണിക്കൂർ കൂടി ജാഗ്രത തുടരും. ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളും സർക്കാർ കൈകൊണ്ടിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കാക്കനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ക്യാംപും സജ്‌ജമാക്കിയിരുന്നു. തീയും പുകയും അണക്കാൻ ദിനരാത്രം പരിശ്രമിച്ച എല്ലാ ജീവനക്കാരെയും കൂടെ കണക്കാക്കിയാണ് ക്യാംപ്.
അതേസമയം മാലിന്യ പ്ലാന്‍റിലെ വിഷപുക മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതിയെ ഏർപ്പെടുത്തിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.