തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ പരിശോധനയിൽ വീഴ്‌ച കണ്ടെത്തി ലൈസൻസ് റദ്ദാക്കുന്ന സ്ഥാപനങ്ങൾ മറ്റു പേരുകളിൽ പ്രവർത്തിക്കുന്നത് കർശനമായി തടയുമെന്ന് മന്ത്രി വീണ ജോർജ്. പരിശോധനയിൽ ഗുരുതരമായ വീഴ്‌ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസുകളാണ് റദ്ദാക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ മറ്റു പേരിൽ മറ്റു സ്ഥലങ്ങളിൽ പ്രവർത്തനം വീണ്ടും തുടങ്ങുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.
അതിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഇടമായി സംസ്ഥാനത്തെ മാറ്റാനാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ശ്രമിക്കുന്നത്. അതിനായുള്ള പ്രവർത്തനങ്ങളാണ് കർശനമായി നടപ്പിലാക്കി വരുന്നത്. നിലവിൽ പല ഭക്ഷണശാലകളിലും നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ട്. ഇവ കണ്ടെത്തുന്നതിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പരിശോധന കൂടുതൽ കർശനമാക്കും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ ഭക്ഷണ ശാലകൾക്കും ലൈസൻസ് നിർബന്ധമാണ്. ഇത് ഉറപ്പിക്കാനായി പ്രത്യേക ഡ്രൈവ് തന്നെ നടത്തുന്നതായും മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.
തട്ടുകടകൾ മുതൽ എല്ലാ ഭക്ഷണ ശാലകളിലും സുരക്ഷിത ഭക്ഷണം എന്നതാണ് സർക്കാർ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് ഹോട്ടൽ ജീവനക്കാർക്കടകം ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ച് ഉത്തരവ് ഇറക്കിയത്. ഇത്തരത്തിലുള്ള തുടർന്ന് നടപടികളുമായി മുന്നോട്ടു പോകുമെന്നും ആരോഗ്യമന്ത്രി സഭയിൽ വ്യക്തമാക്കി.