തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോട്ടൺ ഹിൽ ജിജിഎച്ച് എസ് എസിലെ വിദ്യാർഥികളെയാണ് മന്ത്രി നേരിട്ടത്തി അഭിനന്ദിച്ചത്. എസ്എസ്എൽസി ഫല പ്രഖ്യാപനത്തിന് ശേഷം മന്ത്രി സ്‌കൂളിലെത്തി വിദ്യാര്‍ഥികളെ നേരില്‍ കാണുകയായിരുന്നു.
സ്‌കൂളില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട മന്ത്രി വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്താണ് മടങ്ങിയത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് മന്ത്രി വി.ശിവന്‍കുട്ടി എസ്‌എസ്‌എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. തലസ്ഥാനത്ത് വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രിയുടെ ഫലം പ്രഖ്യാപനം.
ഇത്തവണ ഇരട്ടി മധുരം: സംസ്ഥാനത്ത് 4.19 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷയില്‍ 99.70 ശതമാനം വിജയം കരസ്ഥമാക്കാന്‍ സാധിച്ചു. മുന്‍ വര്‍ഷത്തെ ഫലവുമായി വിലയിരുത്തിയാല്‍ വിജയ ശതമാനത്തില്‍ വര്‍ധനയാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 99.26 ആയിരുന്ന വിജയ ശതമാനം 0.44 ശതമാനം വര്‍ധിച്ച് ഇത്തവണ 99.70 ശതമാനമായി.
സംസ്ഥാനത്ത് 68,604 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കാനായി. ഫുള്‍ എ പ്ലസുകാരുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷം 44,363 വിദ്യാര്‍ഥികളായിരുന്നു ഫുള്‍ എ പ്ലസ് നേടിയിരുന്നത്.
റെഗുലര്‍ വിഭാഗത്തില്‍ 4,19,128 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സംസ്ഥാനത്തെ 2,581 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ സാധിച്ചു.
പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയ്‌ക്കും ഏറ്റവും കുറവ് വിജയ ശതമാനമുള്ളത് വയനാട് ജില്ലയ്‌ക്കുമാണ്. 99.94 ശതമാനമാണ് കണ്ണൂരിലെ വിജയ ശതമാനം. അതേ സമയം ഫുള്‍ എ പ്ലസില്‍ മുമ്പില്‍ നില്‍ക്കുന്നത് മലപ്പുറം ജില്ലയാണ്. 4,856 വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ചത്.
ഇത്തവണത്തേത് ഗ്രേസ് മാര്‍ക്കോടുകൂടിയ ഫലം: രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയുള്ള ഫലമാണ് ഇത്തവണത്തേത്. ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയതോടെ മുന്‍ വര്‍ഷത്തേക്കാള്‍ 24,402 വിദ്യാര്‍ഥികള്‍ കൂടി ഫുള്‍ എ പ്ലസിന് അര്‍ഹരായി.
സേ പരീക്ഷ ജൂണില്‍ തുടങ്ങും: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി സേ പരീക്ഷ അടുത്ത മാസം. ജൂണ്‍ 7 മുതല്‍ ആരംഭിക്കുന്ന പരീക്ഷ 14 ന് അവസാനിക്കും. ഉപരി പഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങളിലാണ് സേ പരീക്ഷ എഴുതാനാകുക.
സേ പരീക്ഷ ഫലം ജൂണ്‍ അവസാന വാരം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ആദ്യം മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാകും. അതേസമയം ഉത്തര കടലാസുകളുടെ പുനര്‍ മൂല്യ നിര്‍ണയം, സൂക്ഷ്‌മ പരിശോധന എന്നിവയ്‌ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. മെയ് 20 മുതല്‍ 24 വരെ ഇതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.
also read: ബസില്‍ നിന്നും ഇറക്കിവിട്ട കേസില്‍ 4 വര്‍ഷത്തിനുശേഷം വിധി; 25,000 രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവ്