തിരുവനന്തപുരം: ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയതിനെ തുടർന്ന് ആർക്കെങ്കിലും ജോലി നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കിൽ സർക്കാർ പരിശോധിക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ബോധപൂർവം ഇത്തരം വീഴ്‌ച വരുത്തിയ സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി തന്നെ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ വീഴ്‌ച ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2016 മുതൽ 2021 വരെ 56,000ത്തിലധികം പേർക്ക് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചതായും മന്ത്രി പറഞ്ഞു.
എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുന്നവരുടെ യോഗ്യതയും സീനിയോറിറ്റിയും അനുസരിച്ച് നിയമന നടപടികൾ നടന്നു വരുന്നതായും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.