തിരുവനന്തപുരം: ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷ നാളെ മുതൽ ആരംഭിക്കുന്നു. വിദ്യാർഥികളുടെ ഭാവിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് പ്രധാനമെന്ന് മന്ത്രി വി.ശിവൻകുട്ടി. സർക്കാർ എന്നും വിദ്യാർഥി പക്ഷത്താണ്. ഏതു കാര്യത്തെയും കണ്ണുമടച്ച് വിമർശിക്കുന്നവരെ പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പരീക്ഷക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പരീക്ഷ. ചോദ്യപേപ്പറുകൾ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഡ്യൂട്ടിയിലുള്ള അധ്യാപകർക്ക് എന്തെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടായാൽ പരിഹരിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അസുഖം ബാധിച്ച വിദ്യാർഥികൾക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. പൊതു പരീക്ഷ നടത്തുമ്പോൾ ഏർപ്പെടുത്തേണ്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും മന്ത്രി തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
3,20,067 വിദ്യാർഥികളാണ് ഇക്കൊല്ലം ഹയർസെക്കൻഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതുന്നത്. 1,955 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതും.
ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇംഗ്ലീഷ് വിഷയത്തിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഇംപ്രൂവ്‌മെന്‍റ് പരീക്ഷ എഴുതുന്നത്.
Also Read: സംസ്ഥാനത്ത് ഇന്ന് ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം