തിരുവനന്തപുരം: വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധനവ് . ജനങ്ങൾ ഇതുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
വെള്ളക്കരം കൂട്ടിയതിനെതിരെ ഇതുവരെയും ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം കൂട്ടിയതിന്‍റെ ബില്ല് മാർച്ച്, ഏപ്രിൽ മാസം മുതൽ ജനങ്ങൾ നൽകേണ്ടതുള്ളൂ. ഇന്ന് മുതൽ ബില്ലിങ് പ്രാബല്യത്തിൽ വരുമെങ്കിലും മാർച്ച്, ഏപ്രിൽ മാസത്തിലെ ബില്ലിലൂടെയാണ് വര്‍ധിപ്പിച്ച തുക അടക്കേണ്ടി വരിക.
വെള്ളക്കരം കൂട്ടുന്നത് മന്ത്രിസഭയിൽ പോകേണ്ടതില്ലെന്നും ജല അതോറിറ്റിക്ക് വിഷയത്തിൽ തീരുമാനമെടുക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'നല്ല സർവീസ് കൊടുക്കാൻ കഴിയണമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ജല ലഭ്യത ഉറപ്പ് വരുത്താൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ജല അതോറിറ്റിയിൽ പെൻഷൻ നൽകാൻ പോലും പണമില്ലാത്ത സ്ഥിതിയാണ്. ജനങ്ങൾക്ക് അധിക ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇത് ചെയ്‌തിരിക്കുന്നത്' മന്ത്രി പറഞ്ഞു. ലിറ്ററിന് ഒരു പൈസയാണ് വെള്ളക്കരമായി കൂട്ടിയത്.
പുതിയ നിരക്കിൽ ഒരു കുടുംബത്തിന് വിവിധ സ്ലാബുകളിലായി ശരാശരി 250 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. ബജറ്റ് അവതരണ ദിനമായ വെള്ളിയാഴ്‌ചയാണ് ഉത്തരവ് ഇറങ്ങിയത്. മാർച്ച് മുതലേ പുതിയ നിരക്ക് ഉണ്ടാകൂ എന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നത്. എന്നാൽ മുന്നറിയിപ്പ് നൽകാതെ നേരത്തെ ഉത്തരവ് ഇറക്കുക ആയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാനുള്ള ജല അതോറിറ്റിയുടെ ശുപാർശയ്ക്ക് കഴിഞ്ഞ ദിവസമാണ് സർക്കാർ അംഗീകാരം നൽകിയത്. എല്ല വിഭാഗം ഉപഭോക്താക്കൾക്കും ലിറ്ററിന് ഒരു പൈസ വീതമാണ് വർധന. ഇതോടെ കിലോലിറ്ററിന് (1000 ലിറ്റർ) 10 രൂപ വർധിക്കും.