തിരുവനന്തപുരം: ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും. കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക.
നിയമഭേദഗതി പ്രതിപക്ഷത്തെ മുഖവിലയ്ക്ക് എടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. നിയമം ലംഘിച്ച് ഏക്കര്‍ കണക്കിന് ഭൂമി കൈവശം വച്ചാൽ അത് തിരിച്ച് പിടിക്കും. എത്ര ഉന്നതരായാലും ഭൂമി തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
മറ്റു വകുപ്പുകളുടെ കൈയിൽ ഇരിക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടയം നൽകാൻ കഴിയുമോയെന്ന് റവന്യു വകുപ്പ് പരിശോധിക്കുകയാണ്. 1977ന് മുൻപേ കുടിയേറിയവർക്ക് പട്ടയം ലഭ്യമാക്കുന്നതിന് വനംവകുപ്പുമായി യോജിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി മാത്രമല്ല സർക്കാർ നിയമ ഭേദഗതി കൊണ്ടുവരുന്നത്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സഹായകമാകുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.