തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്‌പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നിലവിൽ 50 ഉത്പന്നങ്ങൾ ആമസോൺ പോലുള്ള സൈറ്റുകളിൽ ലഭ്യമാണ്. ഇത്തരത്തിൽ കൂടുതൽ ഉത്‌പന്നങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
മാർച്ച് 31ന് മുമ്പ് 100 ഉത്‌പന്നങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കർഷകർക്ക് പരമാവധി സഹായം എത്തിക്കാനാണ് ശ്രമം. ഇതിനായാണ് മൂല്യ വർധിത കൃഷിയെ പ്രോത്സാഹിപ്പിക്കാൻ മൂല്യ വർധിത കാർഷിക മിഷൻ പ്രവർത്തനം ആരംഭിച്ചത്.
രണ്ടു കോടി രൂപയുടെ വിവിധ പദ്ധതികൾ മിഷൻ വഴി ആരംഭിച്ചിട്ടുണ്ട്. ഒരു കാർഷിക ഉത്‌പന്നത്തിൽ നിന്ന് ഒരു മൂല്യവർധിത ഉത്‌പന്നം എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 1,076 കൃഷിഭവനുകളിൽ 416 കൃഷിഭവനുകളിലും മൂല്യ വർധിത ഉത്‌പന്നങ്ങളുടെ ഉത്‌പാദനം ആരംഭിച്ചിട്ടുണ്ട്.
മറ്റു കൃഷിഭവനുകളും പദ്ധതി വർധിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്‌പന്നങ്ങളുടെ സാമ്പത്തിക ലാഭം മറ്റു കുത്തക കമ്പനികൾ കൊണ്ടു പോകാതിരിക്കാൻ സർക്കാർ തലത്തിൽ തന്നെ സംരംഭകത്വ പദ്ധതികൾ ആരംഭിക്കും. പരമ്പരാഗത കൃഷി രീതികളെ ശാസ്‌ത്രീയമായി സമീപിക്കാനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നത്.
കാർഷിക സർവകലാശാലകളുടെ സഹായത്തോടെ കൃഷി രീതികൾ ആധുനികവത്‌കരിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.