തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വൈദ്യുതി മന്ത്രി എം.എം മണി ആശുപത്രി വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് എം.എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച നടത്തിയ സ്കാനിംഗിൽ പുതിയ രക്തസ്രാവ ലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ഇതു രണ്ടാം തവണയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മന്ത്രിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത്.