തിരുവനന്തപുരം: മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ ന്യായീകരിച്ചും മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചും മന്ത്രി എം.ബി രാജേഷ്. ആർഷോയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രശ്‌നം എന്താണെന്ന് നിങ്ങളാണ് പറയേണ്ടത്. അസംബന്ധങ്ങൾ പറയുന്നതിന് അതിരുവേണമെന്നും എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി: ആദ്യം വസ്‌തുത ഇല്ലാത്ത കാര്യം പറഞ്ഞ പ്രിൻസിപ്പാള്‍ പിന്നീട് അത് തിരുത്തി. ആ തിരുത്തലല്ല ആദ്യം പറഞ്ഞതാണ് വിശ്വസിക്കേണ്ടതെന്ന് പറയുന്ന നിങ്ങൾക്ക് കാര്യമായി എന്തോ തകരാറുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്ത് അസംബന്ധവും പറയാം, അത് പണിയൊന്നുമില്ലാത്തവരെ വിളിച്ചിരുത്തി രാത്രി ചർച്ച ചെയ്യുന്നതുമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. വസ്‌തുത വ്യക്തമായാലെങ്കിലും നേരോ നെറിയോ ഉണ്ടെങ്കിൽ മാധ്യമങ്ങൾ ആർഷോക്കെതിരെയുള്ള വാർത്ത പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
താൻ പരീക്ഷ എഴുതാനായി അപേക്ഷിക്കുകയോ എഴുതുകയോ ചെയ്‌തില്ലെന്ന ആർഷോയുടെ വാദം നിങ്ങളിൽ ചില മാധ്യമങ്ങളിൽ സമ്മതിച്ചില്ലേ എന്ന് മന്ത്രി ചോദിച്ചു. അല്‍പം അന്തസും സത്യസന്ധതയും വേണമെന്നും അല്ലാതെ ഇങ്ങനെ മാധ്യമപ്രവർത്തനം നടത്താൻ പാടില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഒരു തെറ്റും ചെയ്യാതെയാണ് ഒരു പാവം ചെറുപ്പക്കാരനെ ക്രൂശിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം തദ്ദേശ സ്ഥാപന ഓഫിസുകളിൽ വ്യാപക പരിശോധന നടത്തിയതായും അസിസ്‌റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അടക്കം അഞ്ചുപേരെ സസ്പെൻഡ് ചെയ്‌തതായും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചമച്ചതിലും പ്രതികരണം: മഹാരാജാസ് കോളജിൻ്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചമച്ചെന്ന വിവാദത്തിൽ കുറ്റാരോപിതയായ കെ വിദ്യക്കെതിരെയും മന്ത്രി പ്രതികരിച്ചു. വിദ്യ പഠിക്കുന്ന കാലത്ത് എസ്എഫ്ഐയിലുണ്ടായിരുന്നു. അത് കഴിഞ്ഞ് ഏതെങ്കിലും കാലത്ത് എന്തെങ്കിലും ചെയ്‌താൽ അതിൻ്റെ പഴി എസ്എഫ്ഐയുടെ തലയിൽ വയ്ക്കണോയെന്ന് മന്ത്രി ചോദിച്ചു. അത് എസ്എഫ്ഐയുടെ തലയിൽ വയ്ക്കുന്നത് മാധ്യമങ്ങളുടെ താത്പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതിയുമായി ആര്‍ഷോ: അതേസമയം മാർക്ക് ലിസ്‌റ്റുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പി.എം ആർഷോ ഡിജിപിക്ക് പരാതി നൽകി. പരാതി കൊച്ചി കമ്മിഷണർക്കാണ് കൈമാറിയിട്ടുള്ളത്. ഇ - മെയിലിലൂടെയാണ് ആർഷോ പരാതി നൽകിയത്. മഹാരാജാസ് കോളജ് പ്രിൻസിപ്പാളിന്‍റെ വീഴ്‌ച പരിശോധിക്കണമെന്നും പല പ്രാവശ്യം വാക്ക് മാറ്റിപ്പറയുകയാണെന്നും ആർഷോ കുറ്റപ്പെടുത്തിയിരുന്നു.
ആർഷോയുടെ മൂന്നാം സെമസ്‌റ്റർ ആർക്കിയോളജി പരീക്ഷയുടെ മാർക്ക് ലിസ്‌റ്റാണ് വിവാദമായത്. മാർക്ക് ലിസ്‌റ്റിൽ ഒരു വിഷയത്തിനും മാർക്ക് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആർഷോ പരീക്ഷ പാസായതായാണ് എഴുതിയിരുന്നത്. വിവാദങ്ങൾക്ക് പിന്നാലെ പ്രിൻസിപ്പാള്‍, മൂന്നാം സെമസ്‌റ്റർ പരീക്ഷയ്ക്ക് ആർഷോ ഫീസ് അടച്ചിട്ടില്ലെന്നും നൽകിയ രേഖയിൽ പിഴവുണ്ടെന്നും സമ്മതിക്കുകയായിരുന്നു.