തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷം മുതൽ കെട്ടിട നികുതിയിൽ നേരിട്ടുള്ള വെരിഫിക്കേഷൻ വേണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 300 സ്‌ക്വയർ മീറ്ററിന് താഴെയുള്ള ലോ റിസ്‌ക് വിഭാഗത്തിൽപ്പെടുന്ന കെട്ടിടങ്ങൾക്കാണ് ഫിസിക്കൽ വെരിഫിക്കേഷൻ ഒഴിവാക്കുന്നത്. എന്നാൽ സെൽഫ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.
കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ഫീസ് വർധിപ്പിക്കും. വസ്‌തു നികുതിയും വർധിപ്പിക്കും. എന്നാൽ 60 ചതുരശ്ര മീറ്റർ വരെയുള്ള താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് നികുതി വർധന ഉണ്ടാവില്ല. വീഴ്‌ച വരുത്തുന്നവർക്ക് നികുതിയുടെ മൂന്ന് ഇരട്ടി പിഴ ചുമത്തും. 1500 അടി വരെയുള്ള കെട്ടിടങ്ങൾക്ക് മൂന്നിരട്ടി പിഴ ഉണ്ടാകില്ല. ജിഐഎസ് അധിഷ്‌ഠിത മാപ്പിങ്ങിലൂടെ നികുതി പിരിവ് നൂറ് ശതമാനമാക്കും. പ്രാദേശിക സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. സേവനം മെച്ചപ്പെടുത്താൻ സാമ്പത്തിക ശാക്തീകരണം അനിവാര്യമായതിനാലാണ് നികുതി വർധനയെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥലം മാറ്റം പദ്ധതികളുടെ ഇഴച്ചിലിന് കാരണമാകുന്നു. ഏപ്രിൽ 30ഓടെ സ്ഥലം മാറ്റം നടപടികൾ പൂർത്തിയാക്കും. മാലിന്യ സംസ്‌കരണ നടപടികളിലെ പുരോഗതി ഉൾപ്പെടെ വിലയിരുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റേറ്റിങ് കൊണ്ടു വരും. ജീവനകാർക്ക് ഐഐഎമ്മിന്‍റെ സഹകരണത്തോടെ പരിശീലനം നല്‍കും. ജീവനക്കാരെ കൂടുതൽ പ്രഫഷണൽ ആക്കി മാറ്റാൻ ഉദ്ദേശിച്ചാണ് പരിശീലനം. ക്വാളിറ്റി മോണിറ്ററിങ് സംവിധാനം ഒരുക്കും എന്നും മന്ത്രി പറഞ്ഞു.
പരാതികൾ സമർപ്പിക്കാൻ പ്രത്യേക സംവിധാനം ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ ഉണ്ടാകും. ഉപജില്ല തലത്തിൽ അദാലത്ത് 10 ദിവസം കൂടുമ്പോഴും ജില്ല അടിസ്ഥാനത്തില്‍ മാസത്തിലും സംസ്ഥാന തലത്തില്‍ ആറ് മാസത്തിൽ ഒരിക്കലും അദാലത്ത് നടത്തും. ഐഐജിഎംഎസ് വഴി ഒരു കോടിയില്‍ ഏറെ പരാതികൾ ലഭിക്കും. പൊതുജന സേവന കേന്ദ്രങ്ങൾ എല്ലാ പഞ്ചായത്ത് ഓഫിസുകളിലും സ്ഥാപിക്കും എന്നും എം ബി രാജേഷ് പറഞ്ഞു.
ഇനി ഒരു ബ്രഹ്മപുരം ആവര്‍ത്തിക്കരുത്: മാലിന്യ സംസ്‌കരണം ഉറപ്പാക്കാനായി പൊലൂഷൻ കൺട്രോൾ ബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് എന്നിവർ ഉൾപ്പെട്ട എൻഫോസ്‌മെന്‍റ് ഉണ്ടാക്കും. ഇനി ഒരു ബ്രഹ്മപുരം ആവർത്തിക്കരുത് എന്ന ഉദ്ദേശത്തിൽ ശക്തമായി മാലിന്യ സംസ്‌കരണ നിയമങ്ങൾ നടപ്പിലാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. ദ്രവമാലിന്യം സംസ്‌കരിക്കുന്നതിനായി 10 പ്ലാന്‍റുകൾ സ്ഥാപിക്കാനും നീക്കമുണ്ട്. മെയ് 31നകം ഇത് പൂർത്തിയാക്കും.
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് 2008 മുതലുള്ള പ്രവർത്തനങ്ങൾ പരിശോധിക്കാനാണ് നിർദേശം. സംസ്ഥാന തലത്തിൽ കൊച്ചി പ്രധാനമായി കേന്ദ്രീകരിച്ച് വ്യവസായ മന്ത്രിയുമായി ചേർന്ന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് എം ബി രാജേഷ് അറിയിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് വരെ നിലവിൽ കൊച്ചിയിൽ മാലിന്യ നിർമാർജനത്തിനായി മൊബൈൽ യൂണിറ്റുകളും തുമ്പൂർമുഴി മാതൃകയിൽ മാലിന്യ നിർമാർജനവും നടപ്പിലാക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.