തിരുവനന്തപുരം : ചെയര്‍മാനും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കെ.എസ്.ഇ.ബിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന് വൈദ്യുതമന്ത്രി കെ.കൃഷ്ണന്‍കുട്ടി. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഇടത് അനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഒന്‍പത് ഓഫീസേഴ്‌സ് സംഘടനകളുടെ പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി. ചെയര്‍മാന്‍ ബി.അശോകും ബോര്‍ഡ് മെമ്പര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതികാര ബുദ്ധിയില്ലാതെയും, കാലതാമസം ഉണ്ടാകാതെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി ചെയര്‍മാന് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ബോര്‍ഡ് അച്ചടക്ക നടപടിയില്‍ തീരുമാനമെടുക്കും. സമരം ചെയ്തത് കുറ്റമായി കണക്കാക്കാന്‍ സാധിക്കില്ല. രണ്ട് കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതായും മന്ത്രി വ്യക്തമാക്കി.
Also Read: കെഎസ്‌ഇബി തർക്കം: മാനേജ്മെൻ്റിന്‍റെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി
കൂടുതല്‍ നടപടികള്‍ ഉണ്ടാകാതെ സമാധാനപരമായി തീരുമാനം എടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചര്‍ച്ച വിജയമാണ്. രാഷ്ട്രീയ സമ്മര്‍ദം മൂലമല്ല മന്ത്രി ചര്‍ച്ച നടത്തിയത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.