തിരുവനന്തപുരം: മൃഗശാലയിൽ വിവിധ ഇനങ്ങളിലായി 12 പക്ഷിമൃഗാദികളെ കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കർണാടകയിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നാണ് മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുവരുന്നത്. ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, വെള്ള മയിൽ, യമു, രണ്ട് ജോഡി കാട്ടുകോഴി എന്നിവയാണ് മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ച് കൊണ്ടുവരുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മൃഗങ്ങളുടെ കൈമാറ്റത്തിന് അംഗീകാരം: പുതിയ അതിഥികൾ മെയ് മാസത്തോടെ തിരുവനന്തപുരം മൃഗശാലയിൽ എത്തും. മൃഗങ്ങളുടെ കൈമാറ്റത്തിന് കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ശ്രീ വെങ്കിടേശ്വര മൃഗശാലയിലേക്ക് പകരമായി ചില മൃഗങ്ങളെയും നൽകും.
നാല് കഴുതപ്പുലികൾ, ഒരു ജോഡി ഹിപ്പോപൊട്ടാമസ്, മൂന്ന് ജോഡി പന്നി മാനുകൾ, രണ്ട് ജോഡി സാം ബിയറുകൾ എന്നിവയാണ് പകരമായി നൽകുന്നത്. ജൂൺ മാസത്തിൽ ഹരിയാന മൃഗശാലയിൽ നിന്ന് രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെ കൂടി എത്തിക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം സീബ്രാ ഉൾപെടെയുള്ള മൃഗങ്ങളെ എത്തിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മൃഗങ്ങള്‍ രോഗം ബാധിച്ച് ചത്ത സംഭവത്തില്‍ പരിശോധന: അതേസമയം, മൃഗശാലയിൽ മാനുകളും കൃഷ്‌ണമൃഗങ്ങളും ക്ഷയരോഗം ബാധിച്ച് ചത്ത സംഭവത്തിന് പിന്നാലെ മൃഗശാല ജീവനക്കാരിൽ പരിശോധന നടത്തി. ഒരു മൃഗത്തിന് പോലും ക്ഷയരോഗ ബാധ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ സ്‌റ്റഡീസാണ് പരിശോധന നടത്തിയത്. മൃഗങ്ങൾക്ക് ഇത്തരത്തിലുള്ള അസുഖം പിടിപെട്ടാൽ അവ മരണപ്പെടും.
മാനുകൾക്കും കൃഷ്‌ണമൃഗങ്ങൾക്കും രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൃഗശാല ഡയറക്‌ടർ എസ് അബുവിന് കർശന നിർദേശങ്ങൾ നൽകിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ക്രമീകരണങ്ങൾ ഒരുക്കിയത്. പുതിയ മൃഗങ്ങളെ അടക്കം എത്തിക്കാനുള്ള വലിയ പ്രവർത്തനത്തിലേക്കാണ് സർക്കാരും മൃഗശാല അധികൃതരും കടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതിനായി മുൻ ഡയറക്‌ടർമാർ അടക്കമുള്ള മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. അവരുടെ റിപ്പോർട്ട് ലഭിച്ചു. വിദേശങ്ങളിൽ ഉള്ള മൃഗശാലകൾ സന്ദർശിക്കണമെന്ന നിർദേശമടക്കം അതിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിലും പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും അറിയിച്ചു. അതേസമയം, മൃഗശാലയിൽ എത്തുന്ന നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി പുതിയ ഇലക്ട്രിക് വാഹനങ്ങളും അധികൃതർ സജ്ജമാക്കി. രണ്ടു പുതിയ ഇലക്ട്രിക് വാഹനങ്ങൾ ആണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു. നിലവിൽ അഞ്ച് ഇലക്ട്രിക് വാഹനങ്ങൾ ആണ് മൃഗശാലയിൽ ഉള്ളത്.
വേനല്‍ക്കാലത്തെ പ്രതിരോധിക്കാന്‍ പഴങ്ങള്‍: അതേസമയം, കനത്ത ചൂടില്‍ നിന്ന് മൃഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ തിരുവനന്തപുരം മൃഗശാല അധികൃതര്‍ പ്രത്യേക വേനല്‍ക്കാല പരിചരണമാണ് മൃഗങ്ങള്‍ക്കായി ഒരുക്കിയത്. കടുവയ്‌ക്ക് കുളിക്കാന്‍ ശവര്‍, അനക്കൊണ്ടയ്‌ക്ക് എസി, സസ്യഭുക്കുകളായ മൃഗങ്ങള്‍ക്ക് പഴവര്‍ഗങ്ങളുടെ പ്രത്യേക മെനു തുടങ്ങിയവ ഏര്‍പ്പെടുത്തിയിരിക്കുകയാണ് മൃഗശാല അധികൃതര്‍. മുന്തിരി, ഏത്തപ്പഴം, ചെറുവാഴപ്പഴം, പൈനാപ്പിള്‍, ആപ്പിള്‍, പേരക്ക, വെള്ളരി,മത്തന്‍ എന്നിവ ഉള്‍പെട്ടതാണ് വേനല്‍ക്കാല മെനു.