തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം അഞ്ചിന് മുൻപ് ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനം സർക്കാരിന്‍റെ നയപരമായ തീരുമാനം അല്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇതൊരു താത്കാലിക അഡ്‌ജസ്റ്റ്‌മെന്‍റ് ആണ്. ഇത്തരം തീരുമാനമെടുക്കാനുള്ള അധികാരം മാനേജ്മെന്‍റിന് ഉണ്ടെന്നും ആന്‍റണി രാജു പറഞ്ഞു.
ഇത്തരം കാര്യങ്ങളിൽ സർക്കാരിന്‍റെ അനുമതി വേണ്ട. ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനത്തെ ഗതാഗത മന്ത്രി ന്യായീകരിച്ചു. അത്യാവശ്യമുള്ളവർക്ക് ഈ ഉത്തരവ് ഉപകാരമാകും. ശമ്പളം മുഴുവനായി മതിയെന്ന് ആവശ്യപ്പെടുന്ന ജീവനക്കാർക്ക് സർക്കാർ സഹായം അനുവദിക്കുമ്പോൾ മുഴുവനായി ലഭിക്കും.
ഈ ഉത്തരവ് ആരെയും ഉപദ്രവിക്കാനല്ല. ഇത് ആർക്കും ദോഷം വരുത്തില്ല. ഉത്തരവിനെതിരെയുള്ള എതിർപ്പിൻ്റെ അടിസ്ഥാനം മനസിലാകുന്നില്ലെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. പകുതി പണം അഞ്ചാം തീയതിക്ക് മുൻപ് നൽകിയാൽ പകുതി പ്രശ്‌നം പരിഹരിക്കാം.
അങ്ങനെ ആവശ്യമുള്ളവർക്ക് പകുതി പണം നൽകും. ഉത്തരവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സർക്കാർ വിഹിതം മുടങ്ങുമെന്ന ആശങ്ക വേണ്ട. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നതിന് ശേഷം ഒരു മാസത്തെയും ശമ്പളം മുടങ്ങിയിട്ടില്ല.
തൊഴിലാളി യൂണിയനുകൾ ഈ വിഷയത്തിൽ തന്നോട് പരാതി പറഞ്ഞിട്ടില്ല. ആക്ഷേപമുണ്ടെങ്കിൽ എഴുതി തന്നാൽ പരിശോധിക്കും. ജീവനക്കാർക്ക് മാസാദ്യം വളരെ പ്രധാനപ്പെട്ടതാണ്. ധനകാര്യ വകുപ്പിൽ നിന്ന് പണം ലഭിക്കാൻ സമയമെടുക്കാറുണ്ട്. ഈ സാഹചര്യത്തിൽ അത്യാവശ്യമുള്ള ജീവനക്കാർക്ക് ഈ ഉത്തരവ് ഉപകാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
മാനേജ്‌മെന്‍റിന്‍റെ പുതിയ ഉത്തരവ്: മാനേജ്മെന്‍റ് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് മാനേജ്മെന്‍റിന്‍റെ കൈവശമുള്ള തുകയും ഓവർഡ്രാഫ്റ്റും ചേർത്ത് പരമാവധി തുക ഭാഗികമായി (ആദ്യ ഗഡു) നൽകും. ബാക്കി തുക സർക്കാർ സഹായം ലഭിക്കുന്ന തൊട്ടടുത്ത ദിവസം പൂർണമായും നൽകി ആ മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കും എന്നാണ് ഉത്തരവിൽ പറയുന്നത്.
ഗഡുക്കളായി ശമ്പളം വേണ്ടാത്ത ജീവനക്കാരും ഓഫിസർമാരും വ്യക്തിഗത സമ്മതപത്രം 25ന് മുൻപ് നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാമെന്ന തീരുമാനത്തിന് പിന്നാലെയാണ് ജീവനക്കാരെ വീണ്ടും പൊല്ലാപ്പിലാക്കി മാനേജ്മെന്‍റിന്‍റെ ഉത്തരവ്.
അതൃപ്‌തി പ്രകടിപ്പിച്ച് തൊഴിലാളി സംഘടനകള്‍: ശമ്പളം ഗഡുക്കളായി നൽകാമെന്ന മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ പ്രതിഷേധത്തിലാണ് തൊഴിലാളി സംഘടനകൾ. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ചീഫ് ഓഫിസിന് മുന്നിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാമെന്ന തിരുമാനത്തിലടക്കം കടുത്ത അതൃപ്‌തിയിലാണ് സിഐടിയു.
ഈ വിഷയത്തിനെതിരെ ഈ മാസം 28ന് ചീഫ് ഓഫിസിന് മുന്നിൽ സിഐടിയു ധർണയും സംഘടിപ്പിക്കും. മാനേജ്മെന്‍റ് ഉത്തരവുകൾക്കെതിരെ ഭരണപക്ഷ സംഘടനയായ സിഐടിയുവുമായി സംയുക്തമായി പ്രതിഷേധത്തിന് തയാറാണെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്.