തിരുവനന്തപുരം: കെ സ്വിഫ്റ്റ്, കെഎസ്ആർടിസിയ്ക്ക് 53 കോടി രൂപയുടെ കലക്ഷൻ നൽകിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഏപ്രിൽ മുതൽ നവംബർ വരെയാണ് കലക്ഷന്‍ നേടിയത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളുടെ സുരക്ഷ സംവിധാനങ്ങൾ തൃപ്‌തികരമാണെന്നും ഗതാഗതമന്ത്രി നിയമസഭയിൽ പറഞ്ഞു.
കെഎസ്ആർടിസിയുടെയും സ്വിഫ്റ്റിലെയും ഏഴ് ഉദ്യോഗസ്ഥർ വീതം അടങ്ങിയ കമ്മിറ്റി നിലവാരം പരിശോധിച്ചു. എല്ലാ മാനദണ്ഡവും പാലിച്ചാണ് ബസുകൾ ഓടുന്നത്. പ്രതിപക്ഷം തന്നെ സ്വിഫ്റ്റ് ബസ് വേണമെന്ന് പറയുന്നതിൽ സന്തോഷമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമ വണ്ടി ചോദിക്കുന്ന എംഎൽഎമാർക്കെല്ലാം 30 ദിവസത്തിനുള്ളിൽ നൽകുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. കൊവിഡിന് ശേഷം കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം 35 ലക്ഷത്തിൽ നിന്ന് പകുതിയായി കുറഞ്ഞതായി മന്ത്രി നിയമസഭയെ അറിയിച്ചു.